ഇസ്രായേലുമായുള്ള 1.2 ബില്ല്യൺ ഡോളറിന്റെ കരാറില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തി യുഎസിലെ ഗൂഗിള്‍-ആമസോണ്‍ കമ്പനികളിലെ ജീവനക്കാര്‍.
ന്യൂയോര്‍ക്ക് സിറ്റിയിലേയും കാലിഫോര്‍ണിയയിലേയും ഗൂഗിളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഒൻപത് ജീവനക്കാരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രോജക്ട് നിംബസ് കരാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം.
കരാറില്‍ നിന്ന് കമ്പനി പിന്‍മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കരാറിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
- ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ഇസ്രയേലും ഗൂഗിളും ആമസോണും തമ്മിലുള്ള 1.2 ബില്യണ്‍ ഡോളറിന്റെ കരാറാണ് പ്രോജക്ട് നിംബസ്.
- പ്രോജക്ട് നിംബസിന് കീഴില്‍ ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക ആയുധങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് തടയുന്നതില്‍ നിന്നും ഗൂഗിളിനും ആമസോണിനും കരാര്‍ പ്രകാരം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഒരു ഗൂഗിള്‍ ക്ലൗഡ് ഉപഭോക്താവാണെന്ന് വെളിപ്പെടുന്നത് ഇതാദ്യമാണെന്ന് കരാറിലൂടെ വ്യക്തമാകുന്നു.
- കരാര്‍ പ്രകാരം ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് ഗൂഗിള്‍ ക്ലൗഡിലേക്ക് സ്വന്തമായൊരു ലാന്‍ഡിംഗ് സോണ്‍ ഉണ്ട്. അതിലൂടെ ഡാറ്റ സംഭരണം, പ്രോസസിംഗ്, എഐ സേവനങ്ങളുടെ ആക്‌സസ് എന്നിവ നടത്താന്‍ പ്രതിരോധ മന്ത്രാലയത്തിന് സാധിക്കും.
- 2024 മാര്‍ച്ച് 27ലെ കരട് കരാര്‍ നിയമപ്രകാരം ഇസ്രായേല്‍ മന്ത്രാലയം ഗൂഗിള്‍ ക്ലൗഡ് ആക്‌സസ് വിപുലീകരിക്കുന്നതിനായി കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്.
- കണ്‍സള്‍ട്ടിംഗ് സേവനത്തിനായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പത്ത് ലക്ഷം ഡോളറിലധികം കമ്പനി ഈടാക്കിയിട്ടുണ്ട്.
- കണ്‍സള്‍ട്ടിംഗ് ഫീസ് ഇനത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കമ്പനി 15 ശതമാനം കിഴിവും നല്‍കിയിരുന്നു.
- കരാര്‍ അനുസരിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗൂഗിള്‍ ക്ലൗഡ് ലാന്‍ഡിംഗ് സോണിനായുള്ള ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ, ഓട്ടോമേഷന്‍ എന്നിവയില്‍ ഗൂഗിള്‍ സഹായിക്കും.
- 2021ല്‍ കരാറിനെതിരെ ഗൂഗിളിലെ 90 ലധികം ജീവനക്കാരും ആമസോണിലെ 300 ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പലസ്തീനിലെ പൗരന്‍മാരുടെ വിവരം ശേഖരിക്കാനും അവിടെ അനധികൃത കുടിയേറ്റം വിപൂലീകരിക്കാനും സാങ്കേതിക വിദ്യ ഇസ്രായേലിനെ സഹായിക്കുമെന്ന ഭയം തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ പറഞ്ഞു.
- ‘പലസ്തീന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശത്തെ ഹനിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഓര്‍ക്കാന്‍ കൂടി വയ്യ,’ എന്നാണ് ജീവനക്കാര്‍ ദി ഗാര്‍ഡിയനില്‍ എഴുതിയ കത്തില്‍ പറയുന്നത്. പ്രോജക്ട് നിംബസില്‍ നിന്ന് ആമസോണും ഗൂഗിളും പിന്‍മാറണമെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും ജീവനക്കാര്‍ പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതത്വവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളോടൊപ്പം സാങ്കേതിക വിദഗ്ധരും ആഗോള സമൂഹവും ചേരണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
- അടിസ്ഥാന അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗൂഗിളിന്റെ മറുപടി. രഹസ്യാന്വേഷണം, ആയുധം എന്നിവ കേന്ദ്രീകരിച്ചുള്ള ജോലികളല്ല തങ്ങളുടേത് എന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.