ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി കാത്തിരുന്നവർക്ക് സന്തോഷവാർത്ത. ഒരു ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കാൻ സർക്കാരിന്റെ പച്ചക്കൊടി.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരു ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള അനുമതി കേന്ദ്രം നൽകി.
ഈ വർഷം ഫെബ്രുവരിയിൽ, BSNL ന്റെ ബോർഡ് 1 ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് സൈറ്റുകൾക്കായി മൊത്തം 24,556.37 കോടി രൂപയുടെ 4ജി ഉപകരണങ്ങൾ വിതരണം ചെയ്യും. അതിൽ നെറ്റ്വർക്ക് ഗിയർ വില ഏകദേശം 13,000 കോടി രൂപയാണ്.
ഇതിനു പുറമേ തേർഡ് പാർട്ടി ഇനങ്ങൾ, 10 വർഷത്തെ പരിപാലന ചെലവ് എന്നിവ മൊത്തം തുകയിൽ ഉൾപ്പെടുന്നു. പർച്ചേസ് ഓർഡർ ലഭിച്ച് ഒരു വർഷത്തിനുള്ളിൽ കോർ ഉപകരണങ്ങൾ വിതരണം പൂർത്തിയാക്കാനാകുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി പറയുന്നു.
അതേസമയം റേഡിയോ ഉപകരണങ്ങളുടെ വിതരണത്തിന് 18- 24 മാസം എടുക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം BSNL 4G നെറ്റ്വർക്കിൽ 10 ദശലക്ഷം കോളുകൾ ഒരേസമയം പരീക്ഷിച്ചിരുന്നു.
സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. അടുത്ത വർഷം മാർച്ചോടെ 4ജി സേവനം രാജ്യമൊട്ടാകെ ലഭ്യമാക്കാനാണു ശ്രമം.
അതേസമയം ആദ്യഘട്ടത്തിൽ കേരളം ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ ബിഎസ്എൻഎല്ലിനുള്ള വേരോട്ടം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ കേരളത്തെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സർക്കാരിനെ സംബന്ധിച്ചു വളരെ പ്രധാനമാണ് ബിഎസ്എൻഎൽ 4ജി. കമ്പനിയുടെ നിലനിൽപ്പും 4ജി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ 5ജി നൽകാൻ പ്രാപ്തമാണ് ടിസിഎസ് കൺസോർഷ്യം ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളാണ് ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുക.
സ്വകാര്യ ടെലികോം കമ്പനികൾ 5ജിക്കായി നിലകൊള്ളുമ്പോൾ 4ജിയിൽ കുടുങ്ങുന്ന കോടികണക്കിന് ഉപയോക്താക്കളെ കൂടെ കൂട്ടാൻ സാധിക്കുമെന്ന വിശ്വസത്തിലാണ് പൊതുമേഖല സ്ഥാപനം.