
വൻകിട ലൈഫ് ഇൻഷുറൻസ് കമ്പനികൾ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ് 10ശതമാനത്തോളം വർധനവാണ് വരുത്തിയത്. പ്രധാനമായും 60 വയസ്സിന് മുകളിലുള്ളവർക്കാണ് പ്രധാനമായും വർധന ബാധകമാകുക.
വ്യത്യസ്ത പ്രായക്കാർക്ക് മാക്സ് ലൈഫ് ഇൻഷുറൻസ് ഒരു ശതമാനം മുതൽ ആറ് ശതമാനം വരെയാണ് വർധന പ്രഖ്യാപിച്ചത്. മൊത്തം ടേം ഇൻഷുറൻസ് പോളിസികളിൽ മാക്സ് ലൈഫിന്റെ വിഹിതം ഒമ്പത് ശതമാനമാണ്. എച്ച്ഡിഎഫ്സിയുടെ വിഹിതമാകട്ടെ അഞ്ച് ശതമാനവും.
ബജാജ് അലയൻസ്, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് എന്നിവയും നിരക്ക് കൂട്ടിയിട്ടുണ്ട്. ബജാജ് അലയൻസിന്റെ വർധന ഒന്നു മുതൽ അഞ്ച് ശതമാനം വരെയാണ്. ടാറ്റ എഐഎ മൂന്നു മുതൽ 10 ശതമാനം വരെയും നിരക്ക് കൂട്ടി.
ഐസിഐസിഐ പ്രൂഡൻഷ്യൽ ഉൾപ്പടെയുള്ള കമ്പനികളും പ്രീമിയം നിരക്കിൽ വൈകാതെ വർധന വരുത്തിയേക്കും. ഐസിഐസിഐ മൂന്നു മുതൽ അഞ്ച് ശതമാനം വരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, എസ്ബിഐ ലൈഫും എൽഐസിയും പ്രീമിയം നിരക്കിൽ വർധിപ്പിക്കാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പം, റീഇൻഷുറൻസ് ചെലവിലെ വർധന തുടങ്ങിയവ പരിഗണിച്ചാണ് പ്രീമിയം നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
ടിയർ രണ്ട്, ടിയർ മൂന്ന് നഗരങ്ങളിൽ ടേം ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിലെ വർധനവും കാരണമായി പറയുന്നു.