ടെക്സാസ്: ടെക്സാസിൽ ഒരു ലിഥിയം റിഫൈനറി സ്ഥാപിക്കാൻ പദ്ധതിയിട്ട് ടെസ്‌ല ഇൻക്. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകത്തിന്റെ വിതരണം സുരക്ഷിതമാക്കുന്നതിനാണ് കമ്പനിയുടെ ഈ നീക്കം.
വടക്കേ അമേരിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമെന്ന് ടെസ്‌ല വിശേഷിപ്പിച്ച ബാറ്ററി-ഗ്രേഡ് ലിഥിയം ഹൈഡ്രോക്സൈഡ് ശുദ്ധീകരണ സൗകര്യം, അസംസ്കൃത അയിര് മെറ്റീരിയലിനെ ബാറ്ററി ഉൽപ്പാദനത്തിന് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റുമെന്ന് കമ്പനി ടെക്സസ് കൺട്രോളർ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
ഈ നിക്ഷേപ തീരുമാനം നികുതി ഇളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ടെസ്‌ല പറഞ്ഞു. ലിഥിയം വില കുതിച്ചുയരുന്നതിനാൽ ടെസ്‌ലയ്ക്ക് മൈനിംഗ്, റിഫൈനിംഗ് വ്യവസായത്തിലേക്ക് നേരിട്ട് പ്രവേശിക്കേണ്ടിവരുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
അതിവേഗം വളരുന്ന ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ടെസ്‌ല കടുത്ത മത്സരം നേരിടുന്നതിനാൽ ബാറ്ററി ഘടകങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നത് നിർണായകമാണ്. ലിഥിയം റിഫൈനറി സ്ഥാപിക്കാനുള്ള അംഗീകാരം ലഭിച്ചാൽ വരുന്ന നാലാം പാദത്തിൽ നിർമ്മാണം തുടങ്ങുമെന്നും 2024 അവസാനത്തോടെ സൗകര്യം വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുമെന്നും ടെസ്‌ല പറഞ്ഞു.