
അമേരിക്കയ്ക്ക് വേണ്ടി എന്ന പേരില്‍ മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ടെസ്‌ല ഉടമയും ആഗോള സമ്പന്നനുമായ ഇലോണ്‍ മസ്ക്.
എന്നാല്‍ ട്രംപ് തലങ്ങും വിലങ്ങും തീരുവ ചുമത്തുമ്പോള്‍ പണി തങ്ങള്‍ക്കും ലഭിക്കുമെന്ന് ഒരുപക്ഷേ മസ്ക് ഓര്‍ത്തിട്ട് ഉണ്ടാകില്ല. എന്നാല്‍ സംഗതി സത്യമാണ്.. അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ തീരൂവ ചുമത്തുമ്പോള്‍ മറുപടിയായി മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തീരൂവ ചുമത്തുകയാണെങ്കില്‍ തിരിച്ചടി ലഭിക്കുക ടെസ്ലയ്ക്ക് കൂടിയാണ്.
അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ താരിഫ് നയത്തിന് തിരിച്ചടിയായി മറ്റു രാജ്യങ്ങള്‍ തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ തങ്ങളടക്കമുള്ള അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് അത് തിരിച്ചടിയാകുമെന്ന് ടെസ്ല തന്നെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് യുഎസ് ട്രേഡ് റെപ്രസെറ്റീവ് ഓഫീസിലേക്കുള്ള ടെസ്ലയുടെ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ടെസ്ലയുടെ ഏത് ഉദ്യോഗസ്ഥനാണ് കത്തെഴുതിയതെന്നും വ്യക്തമല്ല.
ടെസ്ലയുടെ ലെറ്റര്‍ ഹെഡില്‍ ആണ് കത്തെഴുതിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്‍റെ വ്യാപാര നയങ്ങള്‍ യുഎസ് കമ്പനികളെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മറ്റു രാജ്യങ്ങള്‍ യുഎസ് വ്യാപാര നയങ്ങളോട് പ്രതികരിക്കുമ്പോള്‍ യുഎസ് കയറ്റുമതിക്കാര്‍ സ്വാഭാവികമായും അതിനുള്ള പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് ടെസ്ല പറഞ്ഞു. ലോകമെമ്പാടും നിര്‍മ്മിച്ച് അമേരിക്കയിലേക്ക് ഇറക്കുന്നത് ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് ട്രംപിന്‍റെ പരിഗണനയിലാണ്.
ഈ സാഹചര്യത്തില്‍ കൂടിയാണ് ടെസ്ലയുടെ കത്ത്. വാഹന നിര്‍മാണ ഘടകങ്ങള്‍ പൂര്‍ണമായും അമേരിക്കയ്ക്ക് ഉള്ളില്‍ നിന്ന് ലഭിക്കുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആണെന്ന് ടെസ്ല മുന്നറിയിപ്പ് നല്‍കുന്നു അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അമേരിക്കന്‍ കമ്പനികളെ സ്വയം പ്രാപ്തരാക്കുന്ന സമീപനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു.
അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനെന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഡോജി വകുപ്പിന് നേതൃത്വം നല്‍കുന്നത് ടെസ്ല ഉടമ കൂടിയായ ഇലോണ്‍ മസ്കാണ്. അദ്ദേഹത്തിന്‍റെ നയങ്ങള്‍ക്കെതിരെ അമേരിക്കയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ശക്തമായി വിമര്‍ശനങ്ങള്‍ ആണ് ഉണ്ടാകുന്നത്.
ചെലവ് ചുരുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വന്‍തോതില്‍ ആളുകളെ പിരിച്ചു വിടുന്നതിനെതിരെ ടെസ്ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. ഇത് കമ്പനിയുടെ വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സര്‍ക്കാറിന്‍റെ വ്യാപാര നയങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക കമ്പനി പങ്കുവെക്കുന്നത്.