ടെക്സാസ്: ചൈനയിലെ കോവിഡ്-19 ലോക്ക്ഡൗണുകൾ മൂലമുണ്ടായ ഉൽപ്പാദന വെല്ലുവിളികളെ മറികടക്കാൻ വൈദ്യുത വാഹനങ്ങളുടെ (ഇവി) വില വർദ്ധനവ് സഹായിച്ചതിനാൽ ത്രൈമാസ ലാഭത്തിൽ പ്രതീക്ഷിച്ചതിലും ചെറിയ ഇടിവ് റിപ്പോർട്ട് ചെയ്‌ത് ടെസ്‌ല ഇങ്ക്. ഡെലിവറികളിൽ 50% വളർച്ച കൈവരിക്കാൻ ടെസ്‌ല ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സക്കറി കിർഖോൺ പറഞ്ഞു, ലക്ഷ്യം കൂടുതൽ പ്രയാസകരമാണെങ്കിലും ശക്തമായ നിർവ്വഹണത്തിലൂടെ ഇത് സാധ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 2022 അവസാനത്തോടെ പണപ്പെരുപ്പം കുറയാൻ തുടങ്ങുമെന്നും ഒട്ടുമിക്ക സാധനങ്ങളുടെ വില സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഇലോൺ മസ്‌ക് പറഞ്ഞു.
ജൂൺ പാദത്തിൽ ഇവി നിർമ്മാതാവ് ഒരു ഷെയറൊന്നിന് 2.27 ഡോളർ എന്ന ക്രമീകരിച്ച ലാഭം രേഖപ്പെടുത്തി. മുൻ പാദത്തിൽ ഇത് 3.22 ഡോളറായിരുന്നു. എന്നാൽ വിശകലന വിദഗ്ധരുടെ 1.81 ഡോളർ എന്ന സമവായ എസ്റ്റിമേറ്റിനേക്കാൾ കൂടുതലാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം. അതേസമയം, പണപ്പെരുപ്പ സമ്മർദത്തിനിടയിൽ കമ്പനിയുടെ ഓട്ടോമോട്ടീവ് മൊത്ത മാർജിൻ 27.9 ശതമാനമായി കുറഞ്ഞു. പ്രസ്തുത കാലയളവിലെ ടെസ്‌ലയുടെ മൊത്ത വരുമാനം മുൻ പാദത്തിലെ 18.76 ബില്യൺ ഡോളറിൽ നിന്ന് 16.93 ബില്യൺ ഡോളറായി കുറഞ്ഞു. റീഫിനിറ്റിവിൽ നിന്നുള്ള ഐബിഇഎസ് ഡാറ്റ പ്രകാരം 17.10 ബില്യൺ ഡോളർ വരുമാനമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. ഫലം പുറത്ത് വന്നതിന് പിന്നാലെ ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 1% ഉയർന്നു.
ടെസ്‌ലയുടെ ചൈന ഫാക്ടറി റെക്കോഡ് പ്രതിമാസ ഉൽപ്പാദന നിലവാരത്തോടെ രണ്ടാം പാദം അവസാനിപ്പിച്ചു. ബർലിനിലെയും ടെക്‌സാസിലെയും പുതിയ ഫാക്ടറികൾ വർഷാവസാനത്തോടെ ആഴ്ചയിൽ 5,000 കാറുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മസ്‌ക് പറഞ്ഞു. ജൂൺ മാസത്തിൽ ഈ ഫാക്ടറികൾ ആഴ്ചയിൽ 1,000 കാറുകളാണ് നിർമ്മിച്ചത്. കൂടാതെ ഈ കാലയളവിൽ കമ്പനി അതിന്റെ ഏകദേശം 75% ബിറ്റ്കോയിൻ ഹോൾഡിങ്ങുകളും ഫിയറ്റ് കറൻസിയിലേക്ക് പരിവർത്തനം ചെയ്തതായി ടെസ്‌ല പറഞ്ഞു, ഇത് ബാലൻസ് ഷീറ്റിലേക്ക് 936 മില്യൺ ഡോളറിന്റെ പണം ചേർത്തു.