ഷാങ്ഹായ്: പാസഞ്ചർ കാർ അസോസിയേഷൻ (സിപിസിഎ) പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ടെസ്‌ല ഇൻക് സെപ്റ്റംബറിൽ 83,135 ചൈന നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വിതരണം ചെയ്തു. ഇതിലൂടെ കമ്പനി അവരുടെ തന്നെ പ്രതിമാസ റെക്കോർഡ് ഭേദിച്ചു.
കൂടാതെ സെപ്റ്റംബർ മാസത്തെ വിൽപ്പന ഓഗസ്റ്റിൽ നിന്ന് 8 ശതമാനം വർധന രേഖപ്പെടുത്തിയതായി ടെസ്‌ല ഇങ്ക് പ്രസ്താവനയിൽ പറഞ്ഞു. 2019 ഡിസംബറിലാണ് കമ്പനി അതിന്റെ ഷാങ്ഹായ് ഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിച്ചത്.
ആഗോളതലത്തിൽ ടെസ്‌ല മൂന്നാം പാദത്തിൽ 343,830 ഇവികൾ വിതരണം ചെയ്തു. എന്നാൽ ഇത് അനലിസ്റ്റുകൾ പ്രതീക്ഷിച്ച ശരാശരിയായ 359,162 യൂണിറ്റുകളേക്കാൾ കുറവാണെന്ന് റിഫിനിറ്റിവ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജൂലൈയിൽ നവീകരണത്തിനായി ഷാങ്ഹായ് പ്ലാന്റിലെ ഭൂരിഭാഗം ഉൽപ്പാദനവും ടെസ്‌ല നിർത്തിവച്ചിരുന്നു. പ്രസ്തുത നവീകരണത്തിന് ശേഷം ഫാക്ടറിയുടെ പ്രതിവാര ഉൽപാദന ശേഷി 22,000 യൂണിറ്റായി ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ യുഎസ് വാഹന നിർമ്മാതാവ് അതിന്റെ ഷാങ്ഹായ് പ്ലാന്റിലെ ഉൽപ്പാദനം 93% ശേഷിയിൽ നിലനിർത്താൻ പദ്ധതിയിടുന്നു.