
വിപണിയിലെ സമീപകാല തകർച്ചയില്‍ ചെറുകിട നിക്ഷേപകർക്ക് മാത്രമല്ല വൻകിടക്കാർക്കും അടിതെറ്റി. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകരായ രാധാകിഷൻ ദമാനി, ജുൻജുൻവാല കുടുംബം ഉള്‍പ്പടെയുള്ളവരും കനത്ത വില്പന സമ്മർദത്തില്‍ തകർച്ച നേരിട്ടു.
ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ പോർട്ഫോളിയോയില്‍ 25 ശതമാനംവരെ ഇടിവുണ്ടായതായി കാണാം. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണെങ്കില്‍ തകർച്ച 30 ശതമാനത്തിലേറെയാണ്.
ഡി മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ ഓഹരി നിക്ഷേപ മൂല്യത്തില്‍ ഒക്ടോബർ ഒന്നു മുതല്‍ ഇതുവരെ 64,000 കോടി രൂപയുടെ ഇടിവാണുണ്ടായത്. അതായത് 28 ശതമാനം നഷ്ടം. മൊത്തം നിക്ഷേപ മൂല്യം 2.31 ലക്ഷം കോടി രൂപയില്‍നിന്ന് 1.67 ലക്ഷം കോടിയിലെത്തി.
അദ്ദേഹത്തിന് കൂടുതല്‍ നിക്ഷേപമുള്ള അവന്യു സൂപ്പർമാർക്കറ്റിന്റെ ഓഹരി വിലയില്‍ 27 ശതമാനമാണ് ഇടിവുണ്ടായത്. രണ്ടാമത്തെ വലിയ നിക്ഷേപമുള്ള ട്രെൻഡിന്റെ ഓഹരി വിലയിലാകട്ടെ 32 ശതമാനമാവും തകർച്ചയുണ്ടായി.
ഒക്ടോബർ ഒന്നു മുതല്‍ ഇതുവരെ നിഫ്റ്റിയില്‍ ഉണ്ടായ നഷ്ടം 11 ശതമാനമാണ്. ചെറുകിട, ഇടത്തരം ഓഹരികളില്‍ കൂടുതല്‍ നിക്ഷേപമുള്ളതിനാലാണ് തകർച്ച കൂടാൻ കാരണം. നിഫ്റ്റി മിഡ്ക്യാപ് 150 സൂചിക 17 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 22 ശതമാനവും ഇടിവാണ് ഈ കാലയളവില്‍ നേരിട്ടത്. 30 മുതല്‍ 80 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ചെറികിട, പെന്നി ഓഹരികളുമുണ്ട്.
അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ കുടുംബത്തിന്റെ പോർട്ഫോളിയോയില്‍ ഒക്ടോബർ ഒമ്ബതിനുശേഷം 19 ശതമാനമാണ് ഇടിവുണ്ടായത്. അടുത്തയിടെ വിപണയില്‍ ലിസ്റ്റ് ചെയ്ത ഇൻവെന്ററസ് നോളജ് സൊലൂഷൻസ് ഉള്‍പ്പടെ മൊത്തം ഓഹരികളുടെ മൂല്യം 59,709 കോടി രൂപയായിരുന്നു.
ഒക്ടോബർ മുതലുള്ള കണക്കെടുത്താൻ ആകാഷ് ബൻഷാലിയുടെ പോർട്ഫോളിയോ മൂല്യത്തില്‍ 16 ശതമാനം ഇടിവ് നേരിട്ടു. അദ്ദേഹത്തിന് കൂടുതല്‍ ഓഹരികളുള്ള ഗുജറാത്ത് ഫ്ളൂറോകെമിക്കല്‍സിന് 13 ശതമാനം നഷ്ടമുണ്ടായി.
അദ്ദേഹത്തിന്റെ രണ്ടാമത്തെ വലിയ നിക്ഷേപമുള്ള കമ്ബനിയായ വണ്‍ 97 കമ്യൂണിക്കേഷൻസിന്റെ (പേടിഎമ്മിന്റെ മാതൃസ്ഥാപനം) ഓഹരി വിലയില്‍ ഈ കാലയളവില്‍ അഞ്ച് ശതമാനം നേട്ടമുണ്ടായി.
മറ്റൊരു മുൻനിര സംരംഭകനായ ഹേമേന്ദ്ര കോത്താരിയുടെ നിക്ഷേപ മൂല്യത്തില്‍ 29 ശതമാനമാണ് ഇടിവുണ്ടായത്. അദ്ദേഹത്തിന് കൂടുതല്‍ നിക്ഷേപമുള്ള ആല്‍ക്കൈല്‍ അമിനെസ് കെമിക്കല്‍സും സൊണാറ്റ സോഫ്റ്റ്വെയറും യഥാക്രമം 28 ശതമാനവും 33 ശതമാനവും ഇടിവ് നേരിട്ടു.
വിദേശ പോർട്ഫോളിയോ നിക്ഷേപകർ ഇതിനകം രാജ്യത്തെ ഓഹരി വിപണിയില്‍ 2.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഓഹരികളാണ് വിറ്റഴിച്ചത്.