കൊൽക്കത്ത: മാരിഗോള്‍ഡിന്റെ ഇതളഴിയുന്നുവോ? ബ്രിട്ടാനിയയില്‍നിന്ന് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നത്. മാരിഗോള്‍ഡ്, ഗുഡ് ഡേ ബിസ്‌കറ്റുകള്‍ ജനപ്രിയമാക്കിയ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.
അവരുടെ കൊല്‍ക്കത്തയിലുള്ള പ്രശസ്തമായ നിര്‍മ്മാണ ഫാക്ടറി ഇപ്പോള്‍ അടച്ചുപൂട്ടുകയാണ്. രാജ്യത്തെ ഏറ്റവും പഴയ രണ്ടാമത്തെ നിര്‍മ്മാണ യൂണിറ്റ് കൂടിയാണിത്.
കൊല്‍ക്കത്തയിലെ തരാതല ഫാക്ടറിയിലുള്ള എല്ലാ തൊഴിലാളികള്‍ക്കും വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം വാഗ്ദാനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.
150 തൊഴിലാളികളുള്ള ഈ യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയെയോ സംസ്ഥാനത്തിന്റെ വരുമാനത്തെയോ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കൊല്‍ക്കത്ത തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തരാതല ഫാക്ടറിയുടെ പാട്ടക്കരാര്‍ 2048ലാണ് അവസാനിക്കുന്നത്. 2018ലാണ് കരാര്‍ 30 വര്‍ഷത്തേക്ക് പുതുക്കിയത്.
നേരത്തെ മുംബൈയിലും ചെന്നൈയിലും ഉള്ള ബ്രിട്ടാനിയയുടെ ഫാക്ടറികള്‍ നേരത്തെ അടച്ചു പൂട്ടിയിരുന്നു.കമ്പനി 24 വര്‍ഷം കൂടി പാട്ടത്തിന് കൈവശം വച്ചിട്ടുണ്ടെങ്കിലും തരാതല ഭൂമിയുടെ ഭാവി ഉപയോഗം അനിശ്ചിതത്വത്തിലാണ്. കമ്പനി് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
നഗര കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പഴയതും കാര്യക്ഷമമല്ലാത്തതുമായ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിലേക്കും ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള ആധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലേക്കും ബ്രിട്ടാനിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വാര്‍ത്തയുണ്ട്.
കിഴക്കന്‍ മേഖലയിലെ നിര്‍മ്മാണം, ആസൂത്രണം, ലോജിസ്റ്റിക്സ്, വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് താരാതല ഫാക്ടറി നിര്‍ണായകമായിരുന്നു.
2018-ല്‍, കൊല്‍ക്കത്തയില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ബ്രിട്ടാനിയ ചെയര്‍മാന്‍ നുസ്ലി വാഡിയ ബംഗാളില്‍ ഒരു പുതിയ സൗകര്യത്തിനായി 350 കോടി രൂപ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഗണ്യമായ നിക്ഷേപം അടയാളപ്പെടുത്തി.
തരാതല യൂണിറ്റിന് പുറമേ, ദങ്കുനിക്ക് സമീപം ബ്രിട്ടാനിയയുടെ ഒരു കരാര്‍ നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ മുന്‍നിര ഭക്ഷ്യ കമ്പനികളിലൊന്നാണ്.
ബംഗാള്‍ അതിന്റെ മൂന്നാമത്തെ വലിയ വിപണിയെ പ്രതിനിധീകരിക്കുന്നു.900 കോടിയിലധികമാണ് കമ്പനിയുടെ വരുമാനം.