Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ബജറ്റ് പ്രസംഗം നീണ്ടത് രണ്ടര മണിക്കൂർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രസംഗം നീണ്ടത് രണ്ടര മണിക്കൂർ. ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിന്റെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഇത്.

ഇതിനു മുൻപ് നാലു ബജറ്റുകളാണ് ബാലഗോപാൽ അവതരിപ്പിച്ചത്. മുൻഗാമികളെ അപേക്ഷിച്ചു കവിതകളോ മഹാ ഉദ്ധരണികളോ ഇല്ലാതെ കാച്ചിക്കുറുക്കി ബജറ്റ് അവതരിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ ശൈലി.

അതിനാൽ ഒന്നര മണിക്കൂറിനപ്പുറം ബജറ്റ് പ്രസംഗം നീളുമെന്നു നിയമസഭാംഗങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ പല ഭാഗങ്ങളും അദ്ദേഹം വായിക്കാതെയും വിട്ടു. ഇതുകൂടി വായിച്ചിരുന്നെങ്കിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രസംഗമാകുമായിരുന്നു ഇത്തവണത്തേത്.

230 പേജുകളുള്ള ബജറ്റ് പ്രസംഗത്തിനിടെ രണ്ടു തവണ സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടു. സമയം ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. പ്രധാനപ്പെട്ടവ മാത്രം വായിച്ചാൽ മതിയെന്നും ഷംസീർ ഓർമിപ്പിച്ചു.

പദ്ധതികൾ വിശദീകരിച്ചതുകൊണ്ടാണ് സമയം നീണ്ടുപോയത്. 2021ൽ തന്റെ ആദ്യ ബജറ്റ് 61 മിനിറ്റിൽ അവതരിപ്പിച്ച് എല്ലാവരെയും അദ്ഭുതപ്പെടുത്തിയ ചരിത്രവും ബാലഗോപാലിനുണ്ട്. കേരള നിയമസഭയിലെ ദൈർഘ്യം കുറഞ്ഞ ബജറ്റ് വായനകളിലൊന്നായിരുന്നു അന്നത്തേത്.

അതേ വർഷം ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി ആയിരുന്ന തോമസ് ഐസക്കാണു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിച്ചത്. മൂന്നു മണിക്കൂർ 18 മിനിറ്റ് നീണ്ടതായിരുന്നു ആ ബജറ്റ് പ്രസംഗം. അന്ന് ഉച്ചവരെ നീണ്ട ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്കും പല പേജുകളും വായിക്കാതെ വിട്ടിരുന്നു.

സാഹിത്യ മേമ്പൊടികൾ മാറ്റിവച്ച് മുൻ ധനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ പ്രഖ്യാപനങ്ങൾ മാത്രമുള്ള ഏറ്റവും വലിയ ബജറ്റ് പ്രസംഗം ഇത്തവണത്തേത് ആയിരുന്നുവെന്നു പറയാം. 2021ൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മറികടന്നാണ് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ സമയത്തിൽ റെക്കോർഡിട്ടത്.

2016ൽ ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 54 മിനിറ്റ് ആയിരുന്നു. ധനമന്ത്രി ആയിരുന്ന കെ.എം. മാണി രാജിവച്ച ഒഴിവിലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അന്ന് ബജറ്റ് അവതരിപ്പിച്ചത്.

2013ല്‍ ധനമന്ത്രി ആയിരുന്ന കെ.എം. മാണി 2 മണിക്കൂര്‍ 50 മിനിറ്റ് ആണ് ബജറ്റ് പ്രസംഗം നടത്തിയത്. ഈ റെക്കോർഡാണ് അതേ മന്ത്രിസഭയുടെ അവസാന ബജറ്റിൽ ഉമ്മൻ ചാണ്ടി തിരുത്തിയത്.

സംസ്ഥാന ബജറ്റ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം നടത്തിയത് ഇ.കെ. നായനാര്‍ ആയിരുന്നു. 1987 മാര്‍ച്ച് 28നായിരുന്നു ഇത്. 5 മിനിറ്റ് മാത്രമായിരുന്നു നായനാര്‍ ബജറ്റ് അവതരിപ്പിച്ചത്. 2015ൽ ബാർക്കോഴ വിവാദങ്ങൾക്കിടെ കെ.എം. മാണി അവതരിപ്പിച്ച ബജറ്റ് 6 മിനിറ്റ് മാത്രമാണ് നീണ്ടത്.

കേന്ദ്ര സർക്കാരിന്റെ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാന ബജറ്റുകൾക്ക് പലപ്പോഴും സമയദൈർഘ്യം കൂടുകയാണ് പതിവ്.

X
Top