ന്യൂഡൽഹി: 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി. 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന്, എല്ലാ നിർബന്ധിത വിളകൾക്കും അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിന്റെ കുറഞ്ഞത് 1.5 മടങ്ങ് കുറഞ്ഞ താങ്ങുവില നിശ്ചയിക്കുമെന്ന് സർക്കാർ അറിയിച്ചു.
2025 സീസണിൽ ഫെയർ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,582 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 12,100 രൂപയായും നിശ്ചയിച്ചു.
2014-ലെ മാർക്കറ്റിംഗ് സീസൺ മുതൽ 2025 വരെ, മില്ലിംഗ് കൊപ്ര യുടെ താങ്ങുവില ക്വിന്റലിന് 5250 രൂപയിൽ നിന്ന് 11,582 രൂപയായാണ് സർക്കാർ വർദ്ധിപ്പിച്ചത്.
121 ശതമാനം വർദ്ധനവാണിത് കാണിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5500 രൂപയിൽ നിന്ന് 12100 രൂപയായാണ് വർദ്ധിപ്പിച്ചത്. 120 ശതമാനം വർദ്ധനവാണിത് സൂചിപ്പിക്കുന്നത്.
താങ്ങുവില വർദ്ധിപ്പിച്ച് കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് ഉറപ്പാക്കും. കൂടാതെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ നാളികേര ഉൽപന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് കൊപ്ര ഉൽപാദനം കൂട്ടാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രൈസ് സപ്പോർട്ട് പദ്ധതി (PSS) പ്രകാരം, നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (NCCF) എന്നിവ കൊപ്രയും തൊലി നീക്കം ചെയ്ത തേങ്ങയും സംഭരിക്കുന്നതിനുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടരും.