സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധനവ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽമൊത്തവിലക്കയറ്റത്തിൽ വർധനകരാർ കാലാവധി കഴിഞ്ഞാലും ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്രംകേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

കരാർ കാലാവധി കഴിഞ്ഞാലും ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എന്നെങ്കിലുമൊരിക്കൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട, ടോൾ ശാശ്വതമെന്ന് കേന്ദ്രം. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്.

ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരിൽ നിന്ന് യൂസർ ഫീ ഇനത്തിലാണ് ടോൾ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. റോഡ് നിർമാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച് ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയം. 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് യൂസർ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഈ യൂസർ ഫീ വർഷംതോറും പരിഷ്കരിക്കുന്നതാണ്. റോഡ് നിർമാണ സമയത്ത് കമ്പനികളുമായി കരാറിൽ ഏർപ്പെടുകയാണ് പതിവ്. ഇത് നിശ്ചിത തുക വരെ അല്ലെങ്കിൽ കാലയളവ് വരെ ഫീസ് പിരിച്ചെടുക്കാൻ കമ്പനികൾക്ക് അധികാരം നൽകുന്നു.

കാലയളവ് അവസാനിച്ചാൽ ടോൾ ബൂത്ത് മാറ്റുകയല്ല, പകരം പിരിവ് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഏജൻസികൾ വഴിയോ ടോൾ പിരിവ് തുടരും.

ഈ തുക ഭാവി പദ്ധതികൾക്കും നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് വിനിയോഗിക്കുക. ദേശീയപാത, പാലം, തുരങ്കം, ബൈപാസ് എന്നിവയിലാണ് ടോൾ പിരിവ് തുടർന്നും ഈടാക്കുക.

ഓരോ പദ്ധതിയും പൂർത്തിയായ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് ടോൾ പിരിവ് നടത്തുന്നത്. ടോൾ നിരക്കുകൾ സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം നിലവിൽ 1063 ടോൾ പ്ലാസകളാണ് പ്രവർത്തിക്കുന്നത്.

X
Top