
ദില്ലി: അഞ്ച് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പലിശ നിരക്കിൽ മാറ്റം വരുത്തിയത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ആണ് ആർബിഐ കുറച്ചത്.
ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാനയം. എന്നാൽ ഇത് ബാങ്കുകൾ എപ്പോൾ മുതൽ നടപ്പാക്കി തുടങ്ങും? ബാങ്കുകൾ പലിശ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രം കർശനമായി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കും. എന്ന് പലിശ കുറച്ചു തുടങ്ങണം എന്നുള്ളത് ഓരോ ബാങ്കുകളുടെയും നയം അനുസരിച്ചാണ് തീരുമാനിക്കുക.
ചില ബാങ്കുകള്‍ ഉടനടി പലിശ നിരക്ക് കുറയ്ക്കും. എങ്കിലും ചില ബാങ്കുകള്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം ഉണ്ടാകും. ഇത് ആഴ്ചകള്‍ നീളാനും സാധ്യതയുണ്ട്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, നിക്ഷേപങ്ങള്‍ എന്നിവയുടെയെല്ലാം പലിശ നിരക്ക് കുറയും. എല്ലാം ചേര്‍ത്ത് ഒരുമിച്ച് കുറയ്ക്കുന്നതിന് പകരം ഇവ ബാങ്കുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് സാധ്യത
റിസർവ് ബാങ്ക് നിരക്ക് കുറച്ചത് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ബാങ്കുകളെ നിരീക്ഷിക്കുമെന്നും വരും ആഴ്ചകളിൽ നിരക്ക് വെട്ടിക്കുറച്ചത് പ്രതിഫലിച്ചില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
കൂടാതെ ആർബിഐ കുറച്ചത് 25 ബേസിസ് പോയിന്റ് ആണ്. ബാങ്കുകൾ ഇത്രയും ഇളവ് നൽകാതെ നാമമാത്രമായ ഇളവ് മാത്രമാണ് നൽകുന്നത് എന്നുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.