ന്യൂഡൽഹി: സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ?
കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി വെട്ടിക്കുറച്ചിട്ടും വില, 2024ൽ 30% വരെ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വർണവില നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടേക്കുമെന്ന ചർച്ചകൾ സജീവമായത്.
എന്നാൽ, ആഭ്യന്തര സ്വർണവില നിയന്ത്രിക്കാൻ തൽകാലം ഉദ്ദേശ്യമില്ലെന്നും അതേസമയം, സ്വർണവിലയെ സർക്കാർ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ കഴിഞ്ഞദിവസം വ്യക്തമാക്കി.
രാജ്യത്ത് ഉപഭോക്താക്കൾക്ക് സ്വർണവില കൂടുതൽ പ്രാപ്യമാക്കുകയും സ്വർണാഭരണ നിർമാണം, മൂല്യവർധന വരുത്തിയുള്ള കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് തീരുവ കുറച്ചത്. വില പക്ഷേ, കുത്തനെ കൂടുകയാണുണ്ടായതെങ്കിലും വിലവർധന നിയന്ത്രിക്കാൻ സർക്കാരിന് തൽകാലം പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ എച്ച്‍യുഐഡി മാനദണ്ഡം ബിഐസ് നടപ്പാക്കിയിട്ടുണ്ട്. വിപണിയിലെ മറ്റ് അനാരോഗ്യപ്രവണതകൾക്ക് തടയിടാൻ കോംപറ്റീഷൻ കമ്മിഷനും ഇടപെടുന്നുണ്ട്. റിസർവ് ബാങ്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും ആഭ്യന്തരവിലയെ സ്വാധീനിക്കില്ല.
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് മുൻവർഷത്തെ 7.81 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി വർധിച്ചെന്നും സഹമന്ത്രി പറഞ്ഞു.