
കൊച്ചി: സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിന് പകരം നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും ശ്വാസംമുട്ടിക്കാനുമുള്ള തീവ്രമായ ശ്രമാണ് കേന്ദ്രം നടത്തുന്നത്. ഇത്തരം നടപടികൾ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ജനങ്ങളെ ബാധിക്കാതെ നാടിനെ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൺസ്യൂമർഫെഡ് സഹകരണ ഓണവിപണിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനിടെയാണ് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്. പൊതുവിതരണ സമ്പ്രദായം പ്രതിസന്ധിയിലാണെന്നും അവിടെയൊന്നുമില്ലെന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്തുതകൾ അവതരിപ്പിക്കാൻ ബാധ്യതയുള്ള മാദ്ധ്യമങ്ങളിൽ ചിലതാണ് ഈ രീതിയിൽ വാർത്തകൾ നൽകുന്നത്. ഈ പ്രചാരണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
പൊതുവിതരണ രംഗം കൂടുതൽ ശക്തമാണ്. 40ലക്ഷത്തോളം റേഷൻകാർഡ് ഉടമകളാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ കൈപ്പറ്റുന്നത്. സംസ്ഥാനത്ത് 1600ൽ അധികം ഔട്ട്‌ലറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം 270 കോടിയിലേക്ക് ശരാശരി വിറ്റുവരവ് ഉയർന്നിരുന്നു. 13 ഇനം സാധനങ്ങൾ 2016ലെ അതേ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ വിൽക്കുന്നത്. മറ്റുസാധനങ്ങളും വിലക്കിഴിവിൽ വില്പന നടത്തുന്നു. ഇതാണ് വസ്തുത.
നാടിന്റെ പൊതുവിതരണ സമ്പ്രദായത്തെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമം. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാൻ നാടിന് പുറത്തുള്ള ഭരണകർത്താക്കൾ വരെ ശ്രമിക്കുന്ന ഘട്ടത്തിലാണിത്. കേരളത്തിൽ ദേശീയ ശരാശരിയുടെ താഴെയാണ് വിലക്കയറ്റ തോത് നിൽക്കുന്നത്.
ദേശീയ തലത്തിൽ പച്ചക്കറിയുടെയും ധാന്യങ്ങളുടെയുമൊക്കെ വില ക്രമാധീതമായി വർദ്ധിച്ചു. പച്ചക്കറി വില 37.3 ശതമാനം വർദ്ധിച്ചു. ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവക്ക് 13 ശതമാനം വില വർദ്ധിച്ചു.
ഈ വിലക്കയറ്റം തടയാനുള്ള ശ്രമമാണ് ചെയ്യേണ്ടതെങ്കിലും നമ്മുടെ രാജ്യത്ത് പലിശഭാരം കൂടി അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.