
തിരുവനന്തപുരം: സംസ്ഥാനത്തെ വികസനക്കുതിപ്പിന്‍റെ അംബാസഡര്‍മാരായി ഐടി രംഗത്തെ പ്രമുഖര്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വ്യവസായ-ഐടി രംഗങ്ങളില്‍ കേരളം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും പ്രമുഖ ഐടി കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ഫെബ്രുവരി 21 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപ സംഗമത്തിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഐടി കമ്പനി മേധാവികള്‍ക്ക് തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ മുഖ്യമന്ത്രിയുമായി പങ്ക് വയ്ക്കുന്നതിന് അവസരമുണ്ടായത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ മുന്‍നിരയില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിച്ചത് നിക്ഷേപകരില്‍ വലിയ ആത്മവിശ്വാസമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്ത് നടക്കുന്ന വികസനമുന്നേറ്റങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ ഐടി രംഗത്തെ പ്രമുഖര്‍ മുന്‍കൈ എടുക്കണം. സംസ്ഥാനം നിക്ഷേപ സൗഹൃദമല്ലെന്നുള്ള തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതിന് അത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വികസനഘട്ടമാണിത്, നിരവധി തടസങ്ങള്‍ അതിജീവിച്ചാണ് സംസ്ഥാനം ഇവിടെയെത്തി നില്‍ക്കുന്നത്. മികച്ച മനുഷ്യവിഭവശേഷി സംസ്ഥാനത്തിനുണ്ട്. അത് ഇവിടെത്തന്നെ നിലനിര്‍ത്തുന്നതിനും പുറത്ത്നിന്നുള്ളവ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വ്യവസായ-ഐടി മേഖലകളില്‍ ധാരാളം പുതിയ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വന്നുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന് ഗുണം ചെയ്യുന്ന സ്ഥാപനം എന്ന രീതിയിലാണ് സര്‍ക്കാര്‍ ഇവയെ നോക്കിക്കാണുന്നത്.
മികച്ച മുന്നേറ്റം സാധ്യമാക്കുന്നതിന് ഐടി മേധാവികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ട എല്ലാ ഉറപ്പുകളും വാഗ്ദാനം ചെയ്യുന്നതായും പറഞ്ഞു.
സംസ്ഥാനത്ത് എത്രമാത്രം വേഗതയില്‍ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിയുമോ അത്രയും വേഗത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് എന്തെങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെയും മുഖ്യമന്ത്രിയെ നേരിട്ട് തന്നെയും സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എയര്‍-റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന് സാധ്യമാകുന്നതെല്ലാം ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള കൊച്ചി-യൂറോപ്പ് ഫ്ളൈറ്റ് എല്ലാ ദിവസവും നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ചില സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി വാട്ടര്‍ മെട്രോ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും കോവളം-ചേറ്റൂര്‍ ജലപാതയുടെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ച പരാമര്‍ശിച്ച മുഖ്യമന്ത്രി കണ്ണൂര്‍, കൊല്ലം എന്നീ സ്ഥലങ്ങളില്‍ പുതിയ ഐടി പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും ഏഴാം ക്ലാസ് മുതലുള്ള സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളതായും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
ആഗോള നിക്ഷേപ സംഗമത്തിന് മുന്നോടിയായി നടപ്പാക്കുന്ന 49 പരിപാടികളില്‍ ഒമ്പത് കോണ്‍ക്ലേവുകളും അഞ്ച് റോഡ് ഷോകളും പൂര്‍ത്തിയാക്കിയതായി വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ഐടി രംഗത്തെ വനിതകള്‍ക്കായി സംസ്ഥാനത്ത് പിങ്ക് പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ക്ക് (ജിസിസി) വേണ്ട നയത്തിനായുള്ള കരട് രൂപം തയ്യാറാക്കുകയാണെന്നും എഐയുടെ വരവോടെ കേരളത്തിലെ കമ്പനികള്‍ക്ക് ടെക്നോളജി സെന്‍ററുകളായി മാറുന്നതിനുളള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികവുറ്റ തൊഴില്‍ശക്തിയാണ് സംസ്ഥാനത്തിന്‍റെ കരുത്തെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് ഐടി പാര്‍ക്കുകളിലായി 1000 -ലധിക്കം സോഫ്റ്റ് വെയര്‍ ടെക്നോളജി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ ശക്തമായ എംഎസ്എംഇ ആവാസവ്യവസ്ഥയെ സംബന്ധിച്ചും മിഷന്‍ 1000, ഇന്‍ഷുറന്‍സ് പദ്ധതികള്‍, കേരള ബ്രാന്‍ഡ് എന്നിവയെ പറ്റിയും വിശദമായ അവതരണം അദ്ദേഹം നടത്തി.
സര്‍ക്കാരിന്‍റെ പുതിയ ഐടി നയത്തില്‍ വനിതാ സംരഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുടെ 25 ശതമാനമാണെന്നും 2015 ല്‍ അത് 10 ശതമാനം വളര്‍ച്ച കൈവരിച്ച് 5.8 ട്രില്യണ്‍ ഡോളറായി മാറുമെന്നും കെഎസ്ഐഡിസി ബോര്‍ഡ് അംഗവും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്സിക്യുട്ടീവ് ചെര്‍മാനുമായ വി. കെ മാത്യൂസ് പറഞ്ഞു. സാങ്കേതിക മേഖലയ്ക്ക് ആവശ്യമായ ടാലന്‍റ് പൂളും മികച്ച അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലുള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും ഹൈപവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
60 ലധികം ഐടി കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളും പ്രമുഖരും വിവിധ വിഷയങ്ങളിലുള്ള തങ്ങളുടെ ചോദ്യങ്ങളും നിര്‍ദേശങ്ങളും മീറ്റിങ്ങില്‍ അവതരിപ്പിച്ചു. കണക്ടിവിറ്റി, വ്യവസായങ്ങളും അക്കാദമിക് ബന്ധവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പ്രസക്തി, ഐടി കോറിഡോര്‍, ഐടി മേഖലയെ വ്യവസായമായി പരിഗണിക്കേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയവ വിവിധ ചോദ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐടി/ ഐടി അനുബന്ധ കമ്പനികളുടെ വിപുലീകരണം, കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും, ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്ന പ്രതികരണങ്ങള്‍ എന്നിവ മനസിലാക്കുന്നതിനാണ് പ്രധാനമായും ചര്‍ച്ച സംഘടിപ്പിച്ചത്.
വ്യവസായ പ്രമുഖരും സര്‍ക്കാരും തമ്മിലുള്ള ബന്ധം ദൃഢവും ഫലപ്രദവുമാക്കുക എന്നതും ഇത് ലക്ഷ്യമിടുന്നു.