
വൻകിട ബിസിനസ് സാമ്രാജ്യങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ കോർപറേറ്റ് ലോകത്ത് ശ്രദ്ധേയമായ റിപ്പോർട്ടാണ് ‘2024 Burgundy Private Hurun India 500’.
ആക്സിസ് ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിങ് ഡിവിഷനായ ബർഗണ്ടി പ്രൈവറ്റ്, ഹുരൂൺ ഇന്ത്യ എന്നിവ സംയുക്തമായി പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണിത്. 2024 വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം മൂല്യമുള്ള സ്വകാര്യ കമ്പനികളുടെ വിവരങ്ങളാണ് ഇതിലുള്ളത്.
ഇതിൽ റിലയൻസിന്റെയും, ടാറ്റയുടെ ടി.സി.എസിന്റെയും മൂല്യം, സൗദി അറേബ്യയുടെ ജി.ഡി.പിയെക്കാൾ കൂടുതലാണ് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള സ്വകാര്യ കമ്പനികളുടെ ആകെ വാല്യുവേഷൻ 3.8 ട്രില്യൺ ഡോളറാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പിയേക്കാൾ അധികമാണ്. കൂടാതെ യു.എ.ഇ, ഇന്തോനീഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ആകെ ജി.ഡി.പിയേക്കാൾ ഇത് കൂടുതലാണ്.
റിപ്പോർട്ട് പ്രകാരം വിപണിയിലെ ലീഡർഷിപ്പിൽ മുന്നിട്ട് നിൽക്കുന്നത് ടാറ്റ ഗ്രൂപ്പാണ്. അദാനി ഗ്രൂപ്പും മാർക്കറ്റിലെ തങ്ങളുടെ പൊസിഷൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. 15 കമ്പനികളുമായാണ് ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുൻനിര സ്ഥാനം നിലനിർത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഇന്ത്യയിലെ മുൻനിര കമ്പനികളുടെ ആകെ മൂല്യത്തിൽ 10% സംഭാവന നൽകിയിരിക്കുന്നത് ടാറ്റയാണ്.
ഒരു കമ്പനി കൂടി കൂട്ടിച്ചേർത്തു കൊണ്ടാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ സാന്നിദ്ധ്യം വർധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ 2024 വർഷത്തിൽ ആകെ 9 അദാനി കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ടെക് കമ്പനിയായ ടി.സി.എസ് എന്നിവയുടെ ഒരുമിച്ചുള്ള വിപണി മൂല്യം സൗദി അറേബ്യയുടെ ആകെ ജി.ഡി.പിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
സുനിൽ മിത്തൽ നേതൃത്ത്വം നൽകുന്ന ഭാരതി എയർടെല്ലാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം മൂല്യം വർധിച്ച കമ്പനി. 2024ൽ എയർടെല്ലിന്റെ വിപണി മൂല്യം 4 ലക്ഷം കോടി രൂപയിലും അധികമാണ്.
ബിസിനസ് മാപ്പ്
202 ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 ലിസ്റ്റിലെ ബിസിനസ് മാപ്പിങ്ങിൽ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. മുംബൈ, ബാംഗ്ലൂർ നഗരങ്ങളിൽ കമ്പനികളുടെ എണ്ണത്തിൽ ഇടിവ് പ്രകടമായി.
അതേ സമയം, താരതമ്യേന ചെറിയ നഗരങ്ങളായ ഹൈദരാബാദ്, ഗുരുഗ്രാം, നോയിഡ തുടങ്ങിയ ഇടങ്ങളിൽ കമ്പനികളുടെ എണ്ണം വർധിച്ചു. ഹരിയാന നേട്ടമുണ്ടാക്കി. ലിസ്റ്റിന് തുടക്കമിട്ട കാലം മുതൽ ആദ്യമായി ഹരിയാന രണ്ട് സ്പോട്ടുകൾ കയറി, 2024 വർഷത്തിലെ ആദ്യ മൂന്ന് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടു എന്നതാണ് പ്രത്യേകത.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാർക്കറ്റ് ക്യാപ്, നോൺ ലിസ്റ്റഡ് കമ്പനികളുട വാല്യുവേഷൻ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് 500 കമ്പനികളെ റാങ്ക് ചെയ്തിരിക്കുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതേ സമയം പൊതുമേഖലാ കമ്പനികൾ,വിദേശ കമ്പനികളുടെ ഇന്ത്യൻ സബ്സിഡിയറികൾ എന്നിവയെ ഒഴിവാക്കിയിട്ടുമുണ്ട്.
ഇത് ആദ്യമായി ‘2024 Burgundy Private Hurun India 500’ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കമ്പനികളും, രൂപയുടെ ഇടിവിനിടയിലും കുറഞ്ഞത് 1 ബില്യൺ ഡോളർ വാല്യുവേഷൻ നേടിയിട്ടുണ്ട്. ഈ കമ്പനികൾ വാർഷികാടിസ്ഥാനത്തിൽ 11% സെയിൽസ് ഗ്രോത്താണ് കൊണ്ടു വന്നത്.
ഇത്തരത്തിൽ ആകെ 1 ട്രില്യൺ ഡോളറിന്റെ സെയിൽസാണ് നടന്നത്. ലിസ്റ്റിലെ ഫിനാൻഷ്യൽ സർവീസസ് കമ്പനികളിൽ 63 എണ്ണത്തിന്റെ വാല്യവേഷൻ 62 ലക്ഷം കോടി രൂപയാണ്. ഇത് ആകെ വാല്യുവേഷന്റെ 19% എന്ന നിലയാണ്.