ദില്ലി: എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കിയ വിസ്താരയ്ക്ക് വികാരപരമായ യാത്രയയപ്പ്. ഗുജറാത്ത്, ഒഡീഷ, മുംബൈ വിമാനത്താവളങ്ങളിൽ അവസാന വിസ്താര വിമാനങ്ങൾക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.
അനന്തമായ സാധ്യതകളാണ് ലയനത്തിലൂടെ തുറക്കുന്നത് എന്ന് അറിയിച്ച വിസ്താര ഇത്രയും കാലം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
‘അവിസ്മരണീയമായ ഈ യാത്രയുടെ ഭാഗമായതിനും ഞങ്ങളെ സ്‌നേഹിച്ചതിനും നന്ദി. ഈ ഓർമ്മകളെ ഞങ്ങൾ എന്നും നെഞ്ചേറ്റും. എല്ലാ പുതിയ വിവരങ്ങൾക്കും എയർ ഇന്ത്യയെ ഫോളോ ചെയ്യുക’. എയർ ഇന്ത്യ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കാണ് വിസ്താരയുടെ അവസാന വിമാനങ്ങളിലൊന്ന് പറന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൻ്റെ റൺവേയിൽ വിസ്താരയുടെ അവസാന വിമാനത്തെ ‘TA-TA’ എന്ന് പറഞ്ഞാണ് എയർപോർട്ട് ജീവനക്കാർ യാത്രയാക്കിയത്.
നൂറുകണക്കിന് യാത്രക്കാരാണ് സമൂഹ മാധ്യമങ്ങളിലൂടെ വിസ്താരക്ക് നന്ദി പറഞ്ഞത്.
ഇന്ന് മുതൽ എയർ ഇന്ത്യക്ക് കീഴിലാകും വിസ്താര വിമാനങ്ങളുടെ പ്രവർത്തനം. വിസ്താര കൂടി എയർ ഇന്ത്യയുടെ ഭാഗമാകുന്നതോടെ വ്യോമഗതാഗത വിപണിയിൽ ടാറ്റയുടെ കരുത്ത് വർധിക്കുകയാണ്.
ഇതുവരെ ഉപയോഗിച്ച യുകെ എന്ന കോഡിന് പകരം എഐ 2 എന്ന് തുടങ്ങുന്ന കോഡായിരിക്കും ഇനി വിസ്താരയുടെ 70 വിമാനങ്ങളിലും ഉപയോഗിക്കുക. നിലവിലെ ജീവനക്കാരും റൂട്ടുകളും ഷെഡ്യൂളുകളും പഴയത് പോലെ തന്നെ തുടരും.