കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസിയും ഐടിസി ഹോട്ടല്‍സും തമ്മിലുള്ള വിഭജനം 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഐടിസി ലിമിറ്റഡും ഐടിസി ഹോട്ടല്‍സ് ലിമിറ്റഡും തമ്മിലുള്ള വിഭജനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) കൊല്‍ക്കത്ത ബെഞ്ച് ഈ വര്‍ഷം ഒക്ടോബറിലാണ് അംഗീകാരം നല്‍കിയത്.
എന്‍സിഎല്‍ടി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പശ്ചിമ ബംഗാളിലെ കമ്പനികളുടെ രജിസ്‌ട്രാര്‍ക്ക് സമര്‍പ്പിച്ചതിനു ശേഷം അടുത്ത മാസം ആദ്യ ദിവസം മുതല്‍ വിഭജന പദ്ധതി പ്രാബല്യത്തില്‍ വരുന്നതായിരിക്കും.
2023 ഓഗസ്റ്റിലാണ് ഐടിസി തങ്ങളുടെ ഹോട്ടല്‍ ബിസിനസ് വിഭജിച്ച് ഒരു പ്രത്യേക സ്ഥാപനമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഈ വിഭജന പദ്ധതി പ്രകാരം ഐടിസി ഹോട്ടലുകളുടെ 40 ശതമാനം ഉടമസ്ഥാവകാശം ഐടിസി നിലനിര്‍ത്തുകയും ബാക്കി 60 ശതമാനം ഐടിസി ഓഹരി ഉടമകള്‍ മാതൃ സ്ഥാപനത്തിലെ അവരുടെ ഓഹരിക്ക് ആനുപാതികമായി സ്വന്തമാക്കുകയും ചെയ്യും.
ഐടിസി ഹോട്ടല്‍ ബിസിനസ് വിഭജിക്കുന്നത് പൊതുവെ കമ്പനിയുടെ പ്രകടനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഐടിസി ഓഹരികള്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ 528.55 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു.
അതിനു ശേഷം തിരുത്തല്‍ നേരിട്ട ഐടിസി ഇപ്പോള്‍ 470 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്.