![](https://www.livenewage.com/wp-content/uploads/2025/02/The-economic-review-report.webp)
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ലെ 4.2 ശതമാനത്തിൽ നിന്നും ജി.ഡി.പി 6.2% ആയി ഉയർന്നു. കേരളം ഉയർന്ന പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനമുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഒന്നായി.
2023 – 24 ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ ജി.എസ്.ഡി.പി. 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്. അതായത് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.
പ്രാഥമിക മേഖലയിലെ വളർച്ചാ നിരക്ക് 3.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4.7 ശതമാനമായി വർധിച്ചു.
സേവന മേഖലയിൽ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി ഉയർന്നു. ധനക്കമ്മി 2.5 ശതമാനമായിരുന്നത് 2.9% ആയി ഉയർന്നു. ഇത് നടപ്പ് സാമ്പത്തിക വർഷം 3.4 ശതമാനം ആകും എന്നാണ് വിലയിരുത്തൽ.
റവന്യൂ കമ്മി ജി.എസ്.ഡി.പിയുടെ 1.6 ശതമാനമാണ്. ഇത് 2022- 23ൽ 0 .9% ആയിരുന്നു. 2023 -24 ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 6.2 ശതമാനം കുറഞ്ഞു. ഇത് പ്രധാനമായും കേന്ദ്രത്തിന്റെ വിഭവ കൈമാറ്റങ്ങളിൽ ഉണ്ടായ കുറവ് കാരണം എന്നാണ് റിപ്പോർട്ട്.
2022-23 നെ അപേക്ഷിച്ച് 2023-24 ൽ 26 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്.
2023-24 ൽ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനവും വർധിച്ചു.
മൊത്തം ചെലവ് 2022 -2023 ലെ (-2.7) നെഗറ്റീവ് വളർച്ചയെ അപേക്ഷിച്ച് 2023-24 ൽ .5 ശതമാനം പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. മൂലധന അടങ്കലും മൂലധന ചെലവും യഥാക്രമം 2.9 ശതമാനവും .6 ശതമാനവും കുറഞ്ഞു.