നവസംരംഭകത്വം പൂത്തുലയുന്ന ഇന്ത്യ
ഇന്ത്യൻ സംരംഭകത്വ വളർച്ചക്ക് തുടക്കമിട്ടത് 1991 ലെ ഉദാരവത്കരണ നയങ്ങളായിരുന്നു. സോഫ്ട്‍വെയർ, ടെക്‌നോളജി കമ്പനികളുടെ ഉയർച്ചയും വളർച്ചയും പിന്നീട് രാജ്യം കണ്ടു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഇന്ത്യ മറ്റൊരു കുതിച്ചു ചാട്ടത്തിനു പരുവപ്പെട്ടു; സ്റ്റാർട്ടപ്പ് വിപ്ലവം തന്നെ. ഇന്റർനെറ്റ് ലഭ്യതയാണ് ഈ മുന്നേറ്റത്തിന് അടിത്തറയായത്. കൂടെ മൊബൈൽ ഫോണുകളുടെ, അതായത് സ്മാർട്ട് ഫോണുകളുടെ അതിവേഗ വ്യാപനം. ഇന്റർനെറ്റ് ലഭ്യത പറന്നതിനൊപ്പം വേഗത കൂടി. ഇ കൊമേഴ്‌സ്, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നിവ ഒക്കെ ഈ പുതിയ പ്രതിഭാസത്തിന്റെ തൂണുകളായി.
എഐ, മെഷീൻ ലേണിങ്, ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഈ പുതിയ പ്രവണതക്ക് ഉറച്ച പിന്തുണ നൽകി. സോഷ്യൽ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സാധാരണക്കാർക്ക് പോലും ഡിജിറ്റൽ സാക്ഷരത നൽകി. പുത്തൻ ആശയങ്ങളുമായി യുവാക്കൾ മുന്നോട്ടു വന്നു. പതിവ് ബിസിനസ് രീതികൾ അവർ പൊളിച്ചെഴുതി. പുത്തൻ സാങ്കേതിക വിദ്യകളെ നിലവിലുള്ള സങ്കേതങ്ങളിൽ എങ്ങനെ ഉപയോഗിക്കാമെന്ന് അവർ പരീക്ഷിച്ചു. ആമസോൺ, ആലിബാബ, യൂബർ എന്നിങ്ങനെ ലോകത്ത് പലയിടത്തും അതിന് മുൻപേ പലരും ഈ പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു. അവയുടെ വിജയം പുതുതായി വരുന്നവർക്ക് പ്രചോദനം നൽകി.
അങ്ങനെ ഫ്ലിപ്കാർട്ടും, ഒയോ റൂംസും, ബൈജൂസും, പേടിഎമ്മും, സ്വിഗ്ഗിയും, സൊമാറ്റോയും, ബിഗ് ബാസ്‌കറ്റും, ഫോൺ പേയും, ഡെയ്‌ലി ഹണ്ടും ഒക്കെ ഉദിച്ചുയർന്നു. 2022 ൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ യൂണിക്കോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം 100 പൂർത്തിയാകുന്നു.
എജ്യൂക്കേഷൻ, റീട്ടെയിൽ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലാണ് ഈ സ്റ്റാർട്ടപ്പുകളിൽ ഏറെയും. പലതും ഐപിഒ പൂർത്തിയാക്കി പൊതു വിപണിയിലെത്തി. ഓഹരി വിപണി പ്രവേശം അവരോക്കെ ഉത്സവ സമാനമാക്കി. ഒന്നും നിരാശപ്പെടുത്തിയില്ല.
ബാംഗ്ലൂർ സ്റ്റാർട്ടപ്പ് വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായി മാറി. ദില്ലി, ഹൈദരാബാദ്, പൂനെ, തിരുവനന്തപുരം എന്നീ നഗരങ്ങൾ പിന്നാലെ കൂടി.
വിവിധ മിഷനുകളിലൂടെ കേന്ദ്ര സർക്കാർ മുന്നേറ്റത്തെ തുണച്ചു. സംസ്ഥാന സർക്കാരുകൾ മത്സര ബുദ്ധി കാണിച്ചു. വ്യവ്യസായ ലോകം നിർലോഭ പിന്തുണ നൽകി. അകത്തു നിന്നും പുറത്തു നിന്നും നിക്ഷേപം ഒഴുകി വന്നു.
2025 ഓടെ 250 യുണികോണുകൾ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. അത് അസാധ്യമല്ലെന്ന് ഈ ഇക്കോ സിസ്റ്റം സാക്ഷ്യം നൽകും.
യുണികോണുകൾ നൽകുന്ന ആവേശത്തിൽ സ്റ്റാർട്ടപ്പ് അന്തരീക്ഷം ആകമാനം ചലനാത്മകമാവുകയാണ്.
ഇ കൊമേഴ്‌സ്, എജ്യൂക്കേഷൻ, ഹെൽത്ത്കെയർ തുടങ്ങിയ മേഖലകൾക്കപ്പുറം പരന്നൊഴുകാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാർട്ടപ്പ് ലോകം. അഗ്രിക്കൾച്ചർ, ഗ്രീൻ ഇക്കോണമി, സസ്‌റ്റൈനബിലിറ്റി, ക്ലൈമറ്റ് ചേഞ്ച്, ഫിഷറീസ്, ബ്ലൂ ഇക്കോണമി എന്നിവയിലൊക്കെ നവ സംരംഭങ്ങൾ വരും. നൂതന സാങ്കേതിക വിദ്യകൾ- എഐ മുതൽ ഡാറ്റ അനലിറ്റിക്സും ബ്ലോക്ക്ചെയിനും വരെ അതിന് പിന്തുണ നൽകും. ഇന്ത്യ നവ സംരംഭകരുടെ പറുദീസയായി മാറും. ബാംഗ്ലൂർ മറ്റൊരു സിലിക്കൺവാലിയായി ഉദിക്കും. ഇന്ത്യൻ നഗരങ്ങളിൽ സംരംഭകാഭിനിവേശം പൂത്തുലയും. അത് ഗ്രാമങ്ങളിലേക്ക് പടരും. റൂറൽ ഇക്കോണമിയും കരുത്താർജിക്കും.