
ന്യൂഡൽഹി: കോവിഡിനു ശേഷം ആദ്യമായി വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല. ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുപ്രകാരം 10.44% വരുമാനത്തിന്റെ കുറവാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിലുണ്ടായത്.
2025 ജനുവരിയിൽ അവസാനിച്ച വർഷത്തെ കണക്കാണിത്. 2024 ജനുവരിയിൽ 20.79%, 2023 ൽ 23.57%, 2022 ൽ 25.89% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തിയ മേഖലയാണ് കഴിഞ്ഞ വർഷം കൂപ്പുകുത്തിയത്.
വർധിച്ചുവരുന്ന പണപ്പെരുപ്പവും വരുമാനത്തിലെ സ്തംഭനവും ഉപഭോക്താക്കളെ അവശ്യ ചെലവുകൾക്ക് മുൻഗണന നൽകാൻ നിർബന്ധിതരാക്കുന്നെന്നും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവേചനാധികാര ചെലവുകൾ വെട്ടിക്കുറയ്ക്കുകയാണ് ആളുകളെന്നും ജിഐ കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ സിംഹഭാഗവും ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് വൈകിപ്പിക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുകയാണ്.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വൻതോതിൽ ഉയർന്നതും മേഖലയുടെ വളർച്ച മന്ദഗതിയിലാക്കി. മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഒരു വർഷത്തിൽ 10 ശതമാനത്തിൽ കൂടുതൽ ഉയർത്തരുതെന്ന് ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി അടുത്തിടെ ഇൻഷുറർമാരോട് നിർദേശിച്ചിരുന്നു.
മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷാ പ്രീമിയം 50 മുതൽ 60 ശതമാനം വരെ കുത്തനെ വർധിപ്പിച്ചതിനെ തുടർന്നായിരുന്നു റഗുലേറ്ററുടെ നീക്കം.
മാന്ദ്യത്തിനിടയിലും, മൊത്ത പ്രീമിയം വരുമാനം ഏകദേശം ഒരു ലക്ഷം കോടി രൂപയിലെത്തിക്കാൻ മേഖലയ്ക്ക് കഴിഞ്ഞു, കഴിഞ്ഞ 10 മാസ കാലയളവിൽ 90,785 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നേടിയത്.