മുംബൈ: 2024ല്‍ ഇതുവരെ 1.4 ലക്ഷം കോടി രൂപ സമാഹരിച്ച ഐപിഒ വിപണി 2025ലും ആകര്‍ഷകമായ പബ്ലിക് ഇഷ്യുകളിലൂടെ സജീവമായി തുടരുമെന്നാണ് സൂചന. വിവിധ കമ്പനികള്‍ ഐപിഒ വഴി സമാഹരിക്കുന്ന തുക അടുത്ത വര്‍ഷം 1.5 കോടി രൂപ കവിഞ്ഞേക്കും.
2025ല്‍ ഐപിഒയിലൂടെ 41,462 കോടി രൂപ സമാഹരിക്കാന്‍ 34 കമ്പനികള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി നേടിയിട്ടുണ്ട്. ഇതിന് പുറമെ 98,672 കോടി രൂപ സമാഹരിക്കാനായി 55 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കമ്പനികളുടെ ഈ ലക്ഷ്യം കൈവരിക്കാന്‍ അനുയോജ്യമാണ് നിലവിലുള്ള വിപണി സാഹചര്യം. ആഭ്യന്തര നിക്ഷേപകരുടെ ഒഴുക്ക് ശക്തമായി തുടരുന്നതും വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണികളില്‍ അറ്റവില്‍പ്പന നടത്തിയപ്പോഴും പ്രാഥമിക വിപണയില്‍ സജീവമായി പങ്കെടുക്കുന്നത് തുടരുന്നതും അനുകൂല ഘടകങ്ങളാണ്.
2024ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ 1.02 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ പ്രാഥമിക വിപണിയില്‍ നിന്ന് അവര്‍ 1.11 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയാണ് ചെയ്‌തത്.
2024ല്‍ 78 ഇന്ത്യന്‍ കമ്പനികള്‍ മെയിന്‍ബോര്‍ഡ് ഐപിഒകളിലൂടെ 1.4 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. 2023ല്‍ 57 ഐപിഒകളിലൂടെ 49,435 കോടി രൂപയും 2022ല്‍ 40 ഐപിഒകളിലൂടെ 59,301 കോടി രൂപയും സമാഹരിച്ചു.
2024ല്‍ 143 കമ്പനികളാണ് സെബിയ്‌ക്ക് ഐപിഒ നടത്താനുള്ള അപേക്ഷകള്‍ നല്‍കിയത്. 2023ല്‍ ഇത് 84ഉം 2022ല്‍ 89ഉം ആയിരുന്നു.
ഇതിന് പുറമെ ഇന്ദിര ഐവിഎഫ്, സെപ്‌റ്റോ, ഫ്‌ളിപ്‌കാര്‍ട്ട്, എച്ച്‌ഡിഎഫ്‌സി ക്രെഡില തുടങ്ങിയ കമ്പനികള്‍ സെബിയില്‍ നിന്നും ഐപിഒയ്‌ക്കുള്ള അനുമതി തേടാന്‍ നീക്കമുണ്ട്. ഇന്ദിര ഐവിഎഫ് 400 ദശലക്ഷം ഡോളര്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
സെപ്‌റ്റോ, ഫ്‌ലിപ്‌കാര്‍ട്ട്, എച്ച്‌ഡിഎഫ്‌സി ക്രെഡില എന്നിവ 100 കോടി ഡോളര്‍ വീതം സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2024ല്‍ സെന്‍സെക്‌സും നിഫ്‌റ്റിയും ഏകദേശം 13 ശതമാനം ആണ് ഉയര്‍ന്നത്. 2023ല്‍ 20 ശതമാനം നേട്ടമായിരുന്നു സെന്‍സെക്‌സും നിഫ്‌റ്റിയും കൈവരിച്ചത്.
ബിഎസ്‌ഇ മിഡ്‌ക്യാപ്, ബിഎസ്‌ഇ സ്‌മോള്‍കാപ് സൂചികകള്‍ 2024ല്‍ 30 ശതമാനവും ഉയര്‍ന്നു.