
മുംബൈ: ആഗോള പ്രതിസന്ധി മൂലമല്ലാതെ ഉണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ തിരുത്തലുകളില്‍ ഒന്നിനെയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ നേരിടുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ്-19 ഉം മൂലമുള്ള ഇടിവുകള്‍ ഒഴികെ വിപണി 10 ശതമാനത്തില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട 20 സന്ദര്‍ഭങ്ങളെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് ശരാശരി തിരുത്തല്‍ ഏകദേശം 14 ശതമാനം ആയിരുന്നുവെന്നാണ്. ഇത് ശരാശരി 70 ദിവസമാണ് നീണ്ടുനിന്നത്.
ഇത്തവണ നിഫ്‌റ്റി 165 ദിവസത്തിനുള്ളില്‍ ഏകദേശം 16 ശതമാനമാണ് ഇടിഞ്ഞത്. സമീപകാലത്തെ ഏറ്റവും ശക്തമായ തിരുത്തലുകളില്‍ ഒന്നാണ് ഇത്. തിരുത്തലുകളുടെ ശരാശരി ദൈര്‍ഘ്യത്തിന്റെ ഇരട്ടി സമയമാണ് ഇത്തവണത്തെ ഇടിവ് നീണ്ടുനിന്നത്. മുന്‍കാലത്ത് ഉണ്ടായ വലിയ തിരുത്തലുകളില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ പ്രധാനമായും രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തിരുത്തലിലേക്ക് നയിച്ചത്.
യുഎസ് നടത്തുന്ന തീരുവ യുദ്ധം മാത്രമാണ് ഇത്തവണ രാജ്യത്തിന് പുറത്തു നിന്നുള്ള ഒരു പ്രതികൂല ഘടകമായി ഭവിച്ചത്. അതും വിപണിയുടെ തിരുത്തലിന്റെ അവസാന ഘട്ടത്തിലാണ് ഉടലെടുത്തത്.
രാജ്യത്തിന്റെ സാമ്പത്തിക നിലയിലുള്ള ദൗര്‍ബല്യങ്ങളാണ് ഇത്തണവണത്തെ തിരുത്തലിന് പ്രധാനമായും വഴിയൊരുക്കിയത്. ദുര്‍ബലമായ കോര്‍പ്പറേറ്റ് വരുമാനം, സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപോക്ക്, ഓഹരികളുടെ അന്യായ വില, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പന തുടങ്ങിയ ഘടകങ്ങള്‍ വിപണിയുടെ ഇടിവിന് കാരണമായി.
സെപ്‌റ്റംബര്‍ മുതല്‍ ഏകദേശം ആറ് മാസമായി തുടരുന്ന വിപണിയിലെ തിരുത്തല്‍, അഞ്ച് ശതമാനം പോലും ഇടിവ് ഉണ്ടാകാതെ 55 മാസങ്ങള്‍ നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കുതിപ്പുകളിലൊന്നിനാണ് വിരാമം കുറിച്ചത്.
2015 ജൂലായ് മുതല്‍ 2016 ഫെബ്രുവരി വരെയാണ് സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തിരുത്തല്‍ ഉണ്ടായത്. ചൈനയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക കാരണം ആഗോള വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദം നിഫ്‌റ്റി 218 ദിവസത്തിനുള്ളില്‍ 19 ശതമാനം ഇടിയുന്നതിന് വഴിവെച്ചു.
അതിനുമുമ്പ് 2011 ല്‍ യൂറോ മേഖലയിലെ കട പ്രതിസന്ധിയുടെ സമയത്ത് വിപണി 148 ദിവസത്തിനുള്ളില്‍ 22 ശതമാനം ഇടിവ് നേരിടുകയുണ്ടായി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി നിഫ്‌റ്റി 178 ദിവസത്തിനുള്ളില്‍ 54 ശതമാനം ഇടിയുന്നതിനാണ് വഴിവെച്ചത്.
2006 മുതല്‍ 100 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനിന്ന ആറ് തിരുത്തലുകളാണ് വിപണിയില്‍ ഉണ്ടായത്.