
ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് (എം.പി.ലാഡ്) ഇനി കേന്ദ്രസർക്കാരിന്റെ തത്സമയ നിരീക്ഷണത്തിൽ.
കേന്ദ്ര നോഡൽ ഏജൻസിയുടെ അക്കൗണ്ടിൽനിന്ന് പദ്ധതി നടപ്പാക്കുന്നവർക്ക് (വെണ്ടർ) നേരിട്ടാണ് പണമെത്തുക. ഏഴുവർഷത്തിനുശേഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ എം.പി.ലാഡ് മാർഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിർബന്ധമാക്കിയത്. ഏപ്രിൽ ഒന്നുമുതൽ പുതിയ മാർഗരേഖയും ഇതിനായുള്ള പോർട്ടലും നിലവിൽവരും.
കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എം.പി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡൽ ഏജൻസിയായി നിയോഗിച്ചു. എം.പി.ലാഡ് ഫണ്ട് കൈകാര്യം ചെയ്യാനായി മാത്രം ഇവർ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ കേന്ദ്ര നോഡൽ അക്കൗണ്ട് തുറക്കും.
ഇതിലേക്കുവരുന്ന ഫണ്ടിൽ ബാക്കിയുള്ളത് കേന്ദ്ര സഞ്ചിത നിധിയിലേക്ക് തിരിച്ചുപോകില്ല. മറിച്ച് അടുത്ത വർഷത്തേക്ക് കൈമാറും.
പദ്ധതി നടപ്പാക്കുന്ന സംസ്ഥാന, ജില്ലാ അതോറിറ്റികളും പാർലമെന്റ് അംഗങ്ങളും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സബ്‌സിഡിയറി അക്കൗണ്ട് തുടങ്ങണം. ജില്ലാ നോഡൽ അതോറിറ്റിക്ക് അധികമായി സബ്‌സിഡിയറി അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ കേന്ദ്ര നോഡൽ ഏജൻസിയുടെ അനുമതി വാങ്ങണം.
കേന്ദ്ര ഏജൻസിമുതൽ ഏറ്റവുംതാഴെയുള്ള ഏജൻസിയുടെവരെ അക്കൗണ്ടുകൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റവുമായി (പി.എഫ്.എം.എസ്.) നിർബന്ധമായും ബന്ധിപ്പിച്ചാണ് മാപ്പിങ് നടപ്പാക്കുക.
എല്ലാ അക്കൗണ്ടുകളും പി.എഫ്.എം.എസിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. ഇതിലെ വിവരങ്ങൾ ബാങ്കുകളുടെ വെബ് പോർട്ടലുകൾവഴി തത്സമയം പുതുക്കണം.
സംസ്ഥാന, ജില്ലാ നോഡൽ അധികൃതരുടെയും നടത്തിപ്പ് ഏജൻസിയുടെയും സീറോ ബാലൻസ് അക്കൗണ്ടുകൾ പണം കൈമാറാനുള്ള വഴിയൊരുക്കാൻമാത്രമേ ഉപയോഗിക്കൂ. ഇവരുടെ നിലവിലുള്ള അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്ത് ബാക്കിയുള്ള തുക കേന്ദ്ര നോഡൽ അക്കൗണ്ടിലേക്ക് മാറ്റണം.
ജില്ലാ നോഡൽ ഏജൻസികൾക്ക് പണം പിൻവലിക്കാനുള്ള പരിധി കേന്ദ്ര നോഡൽ ഏജൻസി നിശ്ചയിക്കും. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിലോ പാർലമെന്റംഗത്തിന്റെ കാലാവധി തുടങ്ങുമ്പോഴോ ആയിരിക്കുമിത്.
പിൻവലിക്കൽ പരിധി ഉയർത്തുന്നത് ഓരോ കേസും വെവ്വേറെ പരിശോധിച്ച് കേന്ദ്ര നോഡൽ ഏജൻസിയായിരിക്കും. പദ്ധതികളുടെ നടത്തിപ്പ് ഏജൻസികളിൽ നിന്നുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേന്ദ്ര നോഡൽ ഏജൻസിക്ക് നേരിട്ടുനൽകണം.