
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ ഹോട് ഡെസ്റ്റിനേഷനുകൾ
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2019 മുതൽ കുറയുകയാണെന്നു വ്യക്തമാക്കി പഠനം. 2023 മെയ് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്സ് തലങ്ങളിൽ നടത്തിയ പഠനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്റ്റഡി പോർട്ടൽസിന്റെ (studyportals.com) ‘ഡെസ്റ്റിനേഷൻ യൂറോപ്പ്’ റിപ്പോർട്ടിലാണ് തു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. കൊവിഡിനെ തുടർന്ന് 2019 മുതൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായിട്ടുള്ള വിവിധ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് വലിയ കുറവ് ദൃശ്യമായിരിക്കുന്നത്. അതേസമയം ഇന്ത്യ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യൂറോപ്യൻ യൂണിയൻ മേഖലയിലെ വിദ്യാഭ്യാസത്തോടുള്ള താൽപര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്നത്.
യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മുഖ്യമായും ഉപരിപഠനത്തിന് എത്തുന്നത്. ഓസ്‌ട്രേലിയ, യുകെ, യുഎസ് രാജ്യങ്ങളിലെ സർക്കാരുകൾ അടുത്തിടെ ഇന്ത്യയുമായി വ്യാപാര, വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക രംഗങ്ങളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും ഒട്ടേറെ കരാറുകൾ ഒപ്പുവെച്ചിരുന്നു. ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തിയതോടെ ഇന്ത്യയുടെ മനുഷ്യവിഭവശേഷി കാര്യമായി പരിഗണിച്ചു തന്നെയാണ് ഈ രാജ്യങ്ങളുടെ ഇടപെടലുകൾ. ഇടയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഈ രാജ്യങ്ങൾ പ്രത്യേക താത്പര്യം കാട്ടുന്നുമുണ്ട്. ഇക്കൂട്ടത്തിൽ യുകെയും ഓസ്‌ട്രേലിയയും തങ്ങളുടെ വിദ്യാഭ്യാസമേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സാന്നിധ്യത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. STEM (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിഷയങ്ങൾക്ക് പുറമെ ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളുടെ പരിഗണനയിൽ മുന്നിലുണ്ട്. പുതിയ മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് & ബിഗ് ഡാറ്റ, ബിസിനസ് ഇന്റലിജൻസ് & അനലിറ്റിക്‌സ് എന്നിവയ്ക്കും ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഉയർന്ന ഡിമാൻഡുണ്ട്.
ഒരോവർഷവും എണ്ണത്തിൽ കുറവുണ്ടാകുമ്പോഴും നിലവിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ യൂണിയനിൽ എത്തുന്ന വിദ്യാർത്ഥികളിൽ കൂടുതലും ഇന്ത്യക്കാർ തന്നെയാണ്. എന്നാൽ ബാച്ചിലേഴ്സ് തലത്തിലും മാസ്റ്റേഴ്സ് തലത്തിലും ഓരോ വർഷവും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നു. അതേസമയം പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറമെ തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്ക് ധാരാളം വിദ്യാർത്ഥികൾ എത്തുകായും ചെയ്യുന്നു. മുൻവർഷത്തെ അപേക്ഷിച്ച് നോർവേയിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് ഏറ്റവും കുറവുണ്ടായത്. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്സ് കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് ഏർപ്പെടുത്തിയതോടെയാണ് നോർവേയിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്. മുൻപ് നോർവേയിൽ മുഴുവൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ട്യൂഷൻ ഫീ സൗജന്യമായിരുന്നു.
മുൻനിര രാജ്യങ്ങളായ ജർമനി, ഫ്രാൻസ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് ഊർജമേഖലയിൽ പ്രതിസന്ധി നേരിട്ടതും ജീവിതച്ചെലവുകൾ ഉയർന്നതും മറ്റും യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ അല്പം കഠിനമാക്കിയിട്ടുണ്ട്. ജർമനി ഉൾപ്പെടെയുള്ള മുൻനിര സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യഭീഷണി നേരിടുന്നുമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് ജീവിതച്ചെലവുകൾ ഉയരുന്നതും പാർട്ട്ടൈം ജോലി അവസരങ്ങൾ കുറയുന്നതും വെല്ലുവിളിയാണ്. അതുപോലെ യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ മുൻനിര കോർപ്പറേറ്റുകൾ പ്രോജക്ടുകൾ ധാരാളമായി ഫണ്ട് ചെയ്തിരുന്നതിലും മാന്ദ്യഭീഷണിയെ തുടർന്ന് നിയന്ത്രണങ്ങളുണ്ട്. ഇത്തരം വിവിധ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരിക്കുന്നത്.