ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിലാദ്യമായി 94,000 ഡോളർ (ഏകദേശം 79.3 ലക്ഷം രൂപ) കടന്നു. ക്രിപ്റ്റോകറൻസികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുള്ള ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചതിന് പിന്നാലെയാണ് മുന്നേറ്റം.
ട്രംപിന്റെ നയങ്ങൾ ക്രിപ്റ്റോയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകൾ. ക്രിപ്റ്റോകറൻസികളെ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്ക് ട്രംപിന്റെ ഗവൺമെന്റിൽ സുപ്രധാന പങ്കുവഹിക്കുമെന്നതും ക്രിപ്റ്റോകറൻസികൾക്ക് ഊർജമാകുന്നുണ്ട്.
ഡോണൾഡ് ട്രംപിന്റെ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്, ക്രിപ്റ്റോകറൻസി ട്രേഡിങ് സ്ഥാപനമായ ബക്റ്റിനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകളും ക്രിപ്റ്റോകറൻസികൾക്ക് കരുത്തായി.
ട്രംപിന്റെ വിജയത്തിന് പിന്നാലെ ലോകത്തെ ക്രിപ്റ്റോകറൻസികളുടെ സംയോജിതമൂല്യം 3 ലക്ഷം കോടി (ട്രില്യൺ) ഡോളറും കടന്നിട്ടുണ്ട്. ഇറ്റലി (2.38 ട്രില്യൺ), കാനഡ (2.21 ട്രില്യൺ), ബ്രസീൽ (2.19 ട്രില്യൺ) തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാൾ കൂടുതലാണിത്.
ബിറ്റ്കോയിന്റെ മാത്രം മൂല്യം 1.7 ട്രില്യൺ ഡോളറിലധികമാണ്. 38,400 കോടി ഡോളറുമായി എഥറിയമാണ് രണ്ടാമത്. മസ്ക് വൻതോതിൽ പിന്തുണയ്ക്കുന്ന ഡോജ്കോയിന് 5,700 കോടി ഡോളർ മൂല്യവുമുണ്ട്.