ന്യൂഡൽഹി: ഓഗസ്റ്റിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.65%. ജൂലൈ മാസത്തെ അപേക്ഷിച്ച് നിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള രണ്ടാമത്തെ കുറഞ്ഞ നിരക്കാണ് ഓഗസ്റ്റിലേത്.
ഏറ്റവും കുറവ് ജൂലൈയിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെയും ജൂലൈയിലെയും വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്റ്റ്) കണക്കിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ തുടരാനിടയില്ല.
വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവു പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെ വിലക്കയറ്റത്തോത് ജൂലൈയിൽ 4.51 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 4.1 ശതമാനമായി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 4.03%, ഗ്രാമങ്ങളിലേത് 4.13%.