മുംബൈ: പലിശ കുറയ്ക്കാതെ വിപണിയില്‍ പണലഭ്യത കൂട്ടിയേക്കും. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ വിപണിയിലെ പണലഭ്യത വർദ്ധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നല്‍കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.
വാണിജ്യ ബാങ്കുകള്‍ റിസർവ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതം(സി.ആർ.ആർ) അര ശതമാനം കുറയ്ക്കാനാണ് ആലോചന. ഇതോടെ വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വായ്പ ലഭ്യമാക്കാൻ ബാങ്കുകള്‍ക്ക് കഴിയും. വിലക്കയറ്റ സാദ്ധ്യത നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.
ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 5.4 ശതമാനമായി കുത്തനെ താഴ്ന്നിരുന്നു. ഇതോടെ നടപ്പുസാമ്പത്തിക വർഷം ഏഴ് ശതമാനമെന്ന വളർച്ചാ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് വ്യക്തമായതോടെ പലിശ കുറയ്ക്കാൻ റിസർവ് ബാങ്കില്‍ സമ്മർദ്ദമേറുകയാണ്.
എന്നാല്‍ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതിനാല്‍ പലിശ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഡിസംബർ നാല് മുതല്‍ ആറ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിറുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരുതല്‍ ധന അനുപാതം
മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകള്‍ റിസർവ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധന അനുപാതം നിലവില്‍ 4.5 ശതമാനമാണ്.
ഇതനുസരിച്ച് ബാങ്കുകള്‍ നൂറ് രൂപ നിക്ഷേപമായി സമാഹരിക്കുമ്പോള്‍ 4.5 രൂപ റിസർവ് ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കണം. സി.ആർ.ആർ അര ശതമാനം കുറയ്ക്കുന്നതോടെ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനായി ഒരു ലക്ഷം കോടി രൂപ അധികമായി ലഭിക്കും.
ബാങ്കുകളുടെ കരുതല്‍ ധന അനുപാതം അര ശതമാനം കുറച്ചേക്കും
വിപണിയില്‍ അധികമായി എത്തുന്നത് ഒരു ലക്ഷം കോടി രൂപ