
അമേരിക്കയിൽ സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ ഇനി സാമ്പത്തിക ലോകത്ത് എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് നിക്ഷേപകരെല്ലാം.
സിലിക്കൺ വാലി ബാങ്കിലെ ഒരു നിശ്ചിത പരിധി തുകയിൽ താഴെയുള്ള വ്യക്തിഗത നിക്ഷേപകർക്കെല്ലാം പണം തിരിച്ചു ലഭിക്കും എന്ന് ഇൻഷുറൻസ് അതോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, അതിസമ്പന്നർക്ക് മുഴുവൻ തുകയും തിരിച്ചു ലഭിക്കാനിടയില്ല എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിലിക്കൺ വാലി ബാങ്കിൽ സാധാരണക്കാർക്കല്ല അതി സമ്പന്നർക്കായിരുന്നു കൂടുതൽ നിക്ഷേപം എന്ന കാര്യവും ഇതോടു കൂട്ടി വായിക്കേണ്ടതാണ്. വ്യക്തിഗത നിക്ഷേപകർക്ക് പണം തിരിച്ചു ലഭിച്ചാലും സ്ഥാപക നിക്ഷേപകർക്കോ, സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്കോ പണം തിരിച്ചു ലഭിക്കാനിടയില്ല.
വെഞ്ച്വർ നിക്ഷേപകരും സ്റ്റാർട്ടപ്പ് നിക്ഷേപകരും തുടങ്ങി പല രാജ്യങ്ങളിലെ വളർന്നു വരുന്ന സാമ്പത്തിക മേഖലയിൽ സിലിക്കൺ വാലി ബാങ്കിന് നേരിട്ട് നിക്ഷേപം ഉണ്ടായിരുന്നു.
ഉൾപ്പെട്ട കമ്പനികൾ
21 മുതൽ 60 വരെ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സിലിക്കൺ വാലി ബാങ്കുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.
സിലിക്കൺ വാലി ബാങ്ക് തകർന്നതോടെ ദൈനം ദിന കാര്യങ്ങൾക്ക് പോലും ഇതുമായി ബന്ധപ്പെട്ടിരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ബുദ്ധിമുട്ടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
സിലിക്കൺ വാലി ബാങ്കിൽ നിന്നും നേരിട്ട് ഫണ്ടിങ് ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ചിലത് ഇവയാണ്.
ഡിവിറ്റസ് നെറ്റ്‌വർക്ക്, ഷാദി, കാർ വാലെ, ഐ കഫേ മാനേജർ, ജിഒഡിസിക് ടെക്‌നിക്,സർവ, ആസ്ക് ലൈല, അവാന്തര സൊല്യൂഷൻസ്, ഹിറ്റാച്ചി പേയ്മെന്റ് സർവീസ്, ലോയൽറ്റി റിവാർഡ്‌സ്, ജനിസാസ് കളേഴ്സ്, ഐ യോഗി ട്യൂട്ടർ വിസ്റ്റ, ബ്ലേസ്റ്റോൺ, നാപ്റ്റോൾ, ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ, വൺ 97 കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവയിലെല്ലാം കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുണ്ടെന്ന് വാർത്തകളുണ്ട്.
പേ ടി എമ്മും പെട്ടോ ?
പേ ടി എമ്മിന് സിലിക്കൺ വാലി ബാങ്കുമായുള്ള ബന്ധത്തെകുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ, അതിന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമ പേ ടി എമ്മുമായി നിലവിൽ സിലിക്കൺ വാലി ബാങ്കിന് ഇടപാടൊന്നുമില്ലെന്നും ഉണ്ടായിരുന്ന നിക്ഷേപങ്ങൾ പിൻവലിച്ചെന്നുമുള്ള വിശദീകരണവുമായി രംഗത്തെത്തി.
സിലിക്കൺ വാലി ബാങ്ക് തകർച്ചയെ തുടർന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളറിയാൻ കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ കമ്പനി മേധാവികളെ ഈയാഴ്ച കാണും.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഊർജമായ സ്റ്റാർട്ടപ്പുകൾക്ക് പ്രശ്നം നേരിടുന്ന ഈ സമയത്ത് സഹായം നൽകാൻ ഇന്ത്യൻ സാമ്പത്തിക രംഗത്തെ അതികായന്മാരും, സാമ്പത്തിക സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ നിലവിലുള്ള ആസ്തികളുടെ കൈമാറ്റം എങ്ങനെ നടക്കുമെന്ന കാര്യത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആകാംഷയുണ്ട്.