Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

ഡോ: പി എ മാത്യു
ഇക്കണോമിസ്റ്റ്, ഫൗണ്ടർ & ചെയർമാൻ – ഗ്രേസ് ഇന്റർനാഷണൽ അക്കാദമി

വളർച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് (ടേക്ക് ഓഫ്) സാധ്യമാകില്ലെന്നും രാജ്യം ഒരു മിഡിൽ ഇൻകം ട്രാപ്പിൽ പെടുമെന്നുമുള്ള തിരിച്ചറിവാണ് ഇത്തവണത്തെ ബജറ്റിന്റെ കാതൽ. നമ്മുടെ ഇക്കണോമിക് സർവേ ഫലങ്ങൾ തന്നെയാണ് ഈ തിരിച്ചറിവിന് അടിസ്ഥാനവും. രാജ്യത്തെ ഇൻഫ്‌ളേഷൻ നിയന്ത്രിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ കർശന ഇടപെടലാണ് റിസേർവ് ബാങ്ക് വിപണിയിൽ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു സ്റ്റാഗ്ഫ്ലേഷനിലേക്ക് ഇക്കോണമി പോകുന്നുവെന്ന സൂചനകൾ പ്രകടമായി തുടങ്ങിയ വേളയിൽ കൃത്യമായ ഒരു ഇടപെടൽ നടത്താനുള്ള ശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നതെന്ന് കാണാം. ആ ശ്രമത്തിൽ നിർമല സീതാരാമൻ ഒരു പരിധി വരെ വിജയം കണ്ടിരിക്കുന്നു.

മിഡിൽ ക്ലാസ് സമൂഹമാണ് ഇത്തവണത്തെ ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ്. രാജ്യത്തിന്റെ ഇക്കോണമിയിൽ ചലനം സൃഷ്ടിക്കാൻ ശേഷിയുള്ള വിഭാഗം. ആ മിഡിൽ ക്ലാസിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാകട്ടെ, നികുതിയിളവുകളും. 2014 ൽ രണ്ടര ലക്ഷം രൂപയുടെ ശമ്പളത്തിന് നികുതിയിളവ് ഉണ്ടായിരുന്ന സ്ഥാനത്തു നിന്ന് പടിപടിയായി ഇത്തവണ 12 ലക്ഷം രൂപയിലേക്ക് ഇളവ് ഉയർത്തിയിരിക്കുന്നു. 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടിയാകുമ്പോൾ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. ഒരു ലക്ഷം കോടി രൂപയിലധികം ഈ നികുതിയിളവിലൂടെ രാജ്യത്തെ മിഡിൽ ക്ലാസ് സമൂഹത്തിന്റെ കൈകളിലെത്തും. ഇത് കൺസ്യൂമർ സ്‌പെൻഡിങ് ശക്തമാക്കും. എഫ്എംസിജി പോലുള്ള മേഖലകളുടെ മുന്നേറ്റത്തിന് വഴിതെളിക്കും. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം എഫ്എംസിജി സ്റ്റോക്കുകളിൽ ഉണ്ടായ മുന്നേറ്റം ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ്.

ആരോഗ്യമേഖലയിൽ നടത്തിയ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. 36 ജീവൻ രക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും ചില മരുന്നുകൾക്ക് 5% ഇളവ് നൽകിയതും ജില്ലാ ആശുപത്രികളിൽ കാൻസർ കെയർ സെൻ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമൊക്കെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്രദമാണ്. വിദ്യാഭ്യാസം, സോഷ്യൽ സെക്ടർ സ്‌പെൻഡിങ്, ഡിഫൻസ് സെക്ടറുകൾക്ക് മുൻപ് നൽകിയ പരിഗണന തുടർന്ന് പോന്നിരിക്കുന്നു. ധന കമ്മി നിയന്ത്രണ വിധേയമാക്കി നിറുത്തുകയെന്ന മുൻഗണന നിലനിൽക്കുമ്പോൾ ഈ മേഖലകൾക്കുള്ള ധനവിഹിതം വലിയ തോതിൽ ഉയർത്താൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. 4.7 ശതമാനത്തിൽ നിന്ന് ധന കമ്മി 4.4 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യവും മുന്നിലുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രാധാന്യം നൽകിയിട്ടുണ്ട്. പരിമിതമായ വിഭവങ്ങളുടെ ഫലപ്രദമായ വിതരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻതോതിലുള്ള സ്‌പെൻഡിങ്ങിന് പരിമിതിയുണ്ട്. ആർബിഐയുടെ കർശനവും കൺസർവേറ്റിവ് ശൈലിയിലുള്ളതുമായ മോണിറ്ററി പോളിസിയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, വളർച്ച ഉറപ്പാക്കാനുള്ള മികച്ച ശ്രമമായി തന്നെ ഈ ബജറ്റിനെ വിലയിരുത്താം.

X
Top