ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്കുള്ള പുതിയ ഏകീകൃത പെൻഷൻ പദ്ധതി (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.)ക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. 23 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2025 ഏപ്രിൽ ഒന്നു മുതൽ യു.പി.എസ്. നിലവിൽവരും. ഇപ്പോഴുള്ള എൻ.പി.എസ്. (നാഷണൽ പെൻഷൻ സ്കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാം.
നിലവിൽ എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാനും സൗകര്യമുണ്ട്. സംസ്ഥാന സർക്കാരുകൾക്കും ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാൻ സൗകര്യമുണ്ട്.
അഷ്വേഡ് പെൻഷൻ, ഫാമിലി പെൻഷൻ, അഷ്വേഡ് മിനിമം പെൻഷൻ എന്നിവയാണ് യു.പി.എസ്. ഉറപ്പുവരുത്തുന്നത്.
അഷ്വേഡ് പെൻഷൻ: പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രകാരം ചുരുങ്ങിയത് 25 വർഷം സർവീസുള്ള ജീവനക്കാർക്ക് വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ അൻപതു ശതമാനം പെൻഷനായി ലഭിക്കും.
അഷ്വേഡ് ഫാമിലി പെൻഷൻ: പെൻഷൻ വാങ്ങിയിരുന്ന വ്യക്തി മരിച്ചുപോയാൽ, ആ സമയത്ത് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ അറുപതു ശതമാനം കുടുംബത്തിനു ലഭിക്കും.
അഷ്വേഡ് ഫാമിലി പെൻഷൻ: സർക്കാർ സർവീസിൽ പത്തുവർഷം പൂർത്തിയാക്കി ജോലി വിടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ.
നിലവിലുള്ള പെൻഷൻ പദ്ധതിയിൽ ജീവനക്കാർ നൽകുന്ന വിഹിതം പത്തുശതമാനവും കേന്ദ്രസർക്കാരിന്റെ വിഹിതം 14 ശതമാനവുമാണ്.
ഏകീകൃത പെൻഷൻ പദ്ധതി നിലവിൽവരുമ്പോൾ, കേന്ദ്രസർക്കാർ വിഹിതം 18 ശതമാനമായി ഉയരും.