തൃശ്ശൂർ: ദക്ഷിണ െറയിൽവേയിലെ വിവിധ ഡിവിഷനുകളിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 13,977 തസ്തികകൾ. ഇതിൽ 22 ശതമാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ്.
സുരക്ഷാവിഭാഗത്തിലെ ധാരാളം ഒഴിവുകളും നികത്താനുണ്ട്. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ എന്നീ വിഭാഗങ്ങളിലെല്ലാം ഒഴിവുകളുണ്ട്.
സുരക്ഷാവിഭാഗത്തിലെ ഒഴിവുകൾ നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. പകരം ആളെത്താതെ ഡ്യൂട്ടി വിടാൻ കഴിയാത്ത ഇത്തരം തസ്തികകളിലുള്ളവർ കനത്ത ജോലിഭാരമാണ് നേരിടുന്നത്.
നികത്തപ്പെടാത്ത തസ്തികകളിൽ പലതും അഞ്ചുവർഷം കഴിയുമ്പോൾ ഇല്ലാതാകുകയാണ്.
അഞ്ചുവർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു.
എന്നാലിപ്പോൾ അനുവദനീയമായ തസ്തിക 94,727 ആണ്. ഇതിൽത്തന്നെ 80,750 എണ്ണത്തിലാണ് ജീവനക്കാരുള്ളത്. ഇതിനുപുറമേ എല്ലാ മാസവും വിരമിക്കുന്നവരുടെ എണ്ണവും കൂടിയാകുമ്പോൾ പ്രതിസന്ധിയേറുകയാണ്.
യാത്രക്കാരുടെയും വണ്ടികളുടെയും എണ്ണം കൂടുമ്പോഴും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തതെന്താണെന്നാണ് ജീവനക്കാരുടെ ചോദ്യം.
ദക്ഷിണ റെയിൽവേയിലെ ട്രാക്കുള്ള ആറ് പ്രധാന ഡിവിഷനുകളിലെ ജീവനക്കാരുടെ കണക്ക്
-ഡിവിഷൻ, അനുവദിച്ച തസ്തിക, നികത്തപ്പെട്ടത്, നികത്തപ്പെടാത്തത് എന്ന ക്രമത്തിൽ:
- ചെന്നൈ 23156 20322 2834
- ട്രിച്ചി 9944 8840 1104
- മധുരൈ 8689 7885 804
- സേലം 9476 8318 1158
- പാലക്കാട് 7333 6402 931
- തിരുവനന്തപുരം 10530 9209 1321