കണ്ണൂർ: ഇത്തവണത്തെ റെയിൽവേ ബജറ്റിന്റെ വിശദാംശം പുറത്തുവന്നപ്പോൾ കേരളത്തിന് വീണ്ടും നിരാശ. പുതിയ വണ്ടികളോ പദ്ധതികളോ ഇല്ല. കേരളത്തിനുള്ള നീക്കിവെപ്പ് 3042 കോടി രൂപ.
കഴിഞ്ഞ തവണത്തെക്കാൾ 31 കോടി രൂപമാത്രം കൂടുതൽ. പുതിയ വണ്ടികൾ ബജറ്റിലില്ല, പിന്നീടാണ് പ്രഖ്യാപിക്കുകയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ അനൗദ്യോഗിക വിശദീകരണം. പൊതുബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റെയിൽവേ ബജറ്റിലെ നിരാശ.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരി പാതയെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചതേയില്ല. മെമു സർവീസിനെക്കുറിച്ചും മിണ്ടാട്ടമില്ല.
കൂടുതൽ വന്ദേഭാരത് സർവീസുകൾ പരിഗണിക്കുമെന്നുമാത്രമാണ് മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. 2009-14 വർഷം അനുവദിച്ച 372 കോടി രൂപയുടെ എട്ടിരട്ടിയായി കേരളത്തിന്റെ ബജറ്റ് വിഹിതം വർധിച്ചെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ പ്രഖ്യാപിച്ച 3042 കോടിയിൽ 80 ശതമാനത്തിലറെയും റെയിൽവേ സ്റ്റേഷൻ വികസനത്തിനാണ്.
കേരളം പ്രതീക്ഷിച്ചത്
- അങ്കമാലി-എരുമേലി ശബരി പാത
- എറണാകുളം-ഷൊർണൂർ, ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗാലപുരം മൂന്നാം പാത
- അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ
- കാഞ്ഞങ്ങാട് കാണിയൂർ, തലശ്ശേരി-മൈസൂരു, നിലമ്പൂർ- നഞ്ചൻകോട് പാതകൾ
- പാലക്കാട് ഡിവിഷനിൽ മെമു സർവീസ്
കേരളത്തിന്റെ ബജറ്റ് വിഹിതം
2023-24 – 2033 കോടി
2024-25-3011 കോടി
കേരളത്തിൽ നടക്കുന്ന പദ്ധതികൾ
പുതിയ പാളം 419 കി.മീ-12,350 കോടിയുടെ പദ്ധതി *35 അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി *കവച്-അനുവദിച്ചത് 531 കി.മി/ ടെൻഡർ നൽകിയത് 107 കി.മീ.
പൂർത്തിയാക്കിയവ: വൈദ്യുതീകരണം-100 ശതമാനം (2009-14-ൽ 10 ശതമാനം) *2014-ന് ശേഷം 125 കി.മീ പുതിയപാളം നിർമിച്ചു.
*114 റെയിൽ മേൽപ്പാതയും അടിപ്പാതകളും ലിഫ്റ്റ്-51, എസ്കലേറ്റർ-33, വൈഫൈ-120 സ്റ്റേഷൻ. *രണ്ട് വന്ദേഭാരതുകൾ ഓടുന്നു.