
ബംഗളൂരു: 2035 ആകുമ്പോഴേക്കും രാജ്യത്ത് പത്തു ലക്ഷം സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി.
പത്തു വർഷം കഴിയുമ്പോൾ ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഐപിഒ വിപണിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ നടന്ന അർകം വാർഷിക സമ്മേളനം 2025ൽ സംസാരിക്കുകയായിരുന്നു നന്ദൻ നിലേകനി.
രാജ്യത്ത് 2035 ആകുമ്പോഴേക്കും സ്റ്റാർട്ടപ്പുകളുടെ എണ്ണം 10 ലക്ഷത്തിലെത്തും. നിലവിൽ രാജ്യത്ത് 1,50,000 സ്റ്റാർട്ടപ്പുകളുണ്ട്. വർഷം തോറും സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 20 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം വളർച്ച കൈവരിക്കുമ്പോൾ, സ്റ്റാർട്ടപ്പുകൾ 20 ശതമാനം വളർച്ച നേടും. 2035 ആകുമ്പോഴേക്കും ഇത് പത്തു ലക്ഷം സ്റ്റാർട്ടപ്പുകളിൽ എത്തും.
ഓരോ തവണയും നമുക്ക് ഒരു ഐപിഒ ഉണ്ടാകുമ്പോൾ, 100 സ്റ്റാർട്ടപ്പുകൾ കൂടി ഉണ്ടാകും. നിലേകനി പറഞ്ഞു.
മെട്രോകൾക്ക് പുറത്താണ് സ്റ്റാർട്ടപ്പുകൾ വരുന്നതെന്നും അവ വ്യത്യസ്ത പ്രശ്നങ്ങളാണ് പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനും രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് 6 ശതമാനത്തിൽ നിന്ന് 8 ശതമാനമായി ത്വരിതപ്പെടുത്തുന്നതിനും 2035 ഓടെ എട്ടു ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനും സാങ്കേതികവിദ്യ, മൂലധനം, സംരംഭകത്വം, ഔപചാരികവത്കരണം എന്നീ നാലു വഴികളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
2035ലെത്തുമ്പോഴേക്കും ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഐപിഒ വിപണിയാകും. ഇപ്പോൾതന്നെ ഏറ്റവും കൂടുതൽ ഐപിഒകൾ ഉള്ള വിപണിയാണിത്. യുഎസുമായി താരതമ്യപ്പെടുത്തുമ്പോൾ മൂല്യം കുറവാണ്.
വാസ്തവത്തിൽ, സംഭവിക്കുന്നത് ആളുകൾ തിരിച്ചുവരുന്നു എന്നതാണ്. സിംഗപ്പുരിലോ യുഎസിലോ ഉള്ള കമ്പനികൾ യഥാർഥത്തിൽ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാൻ കൂടുതൽ നികുതികൾ അടയ്ക്കുന്നു,- അദ്ദേഹം പറഞ്ഞു.