ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഈ വര്‍ഷം മെയ് മാസത്തില്‍ രാജ്യത്തിന് നൂറാമത്തെ യൂണികോണ്‍ ലഭിച്ചു. ഇതോടെ ഇക്കോസിസ്റ്റത്തിന്റെ മൊത്തം മൂല്യം 332.7 ബില്യണ്‍ ഡോളറായി.
രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്ന വേളയിലാണ് ഈ നേട്ടമെന്നത് അതിന്റെ മാധുര്യം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടും തൂണാണ് സ്റ്റാര്‍ട്ടപ്പുകള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൂതന ആവിഷ്‌ക്കാരങ്ങളിലും അവ മുന്നില്‍ നില്‍ക്കുന്നു.
മാത്രമല്ല, രാജ്യത്തേയ്ക്ക് വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഏറിയ പങ്കും കരസ്ഥമാക്കുന്നത് ഇവയാണ്. ‘ഡീകോഡിംഗ് ഇന്ത്യയുടെ 100 യൂണികോണുകള്‍’ എന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 100 ഇന്ത്യന്‍ യൂണികോണുകള്‍ ഒന്നിച്ച് 90 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപം സമാഹരിച്ചു.
75 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍, സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യത മേഖലകള്‍ ഏതെല്ലാമെന്ന് പരിശോദിക്കുകയാണ് ഇവിടെ.
അഗ്രിടെക്: നമ്മുടെ രാജ്യം കൃഷിയെ വളരെയധികം ആശ്രയിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ മേഖല ജിഡിപിയിലേക്ക് 15 ശതമാനത്തിലധികം സംഭാവന നല്‍കി. സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തുന്ന ചാലക ശക്തിയാണ് കാര്‍ഷിക മേഖല. റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ അഗ്രിടെക് വിപണിക്ക് 24 ബില്യണ്‍ ഡോളറിലെത്താനുള്ള കഴിവുണ്ട്. അതിനാല്‍ മേഖലയുടെ പരിധിയില്ലാത്ത സാധ്യതകള്‍ മുതലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്കാണ് അക്കാര്യം വേണ്ടരീതിയില്‍ നിര്‍വഹിക്കാനാകുക. കാര്‍ഷിക മൂല്യ ശൃംഖല സുഗമമാക്കാനും കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും പരമ്പരാഗത സമ്പ്രദായങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുമായി കൂട്ടിക്കെട്ടാനും അവയ്ക്ക് സാധിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരത് ചെയ്യുന്നുമുണ്ട്. അതുകൊണ്ടുതന്നെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയിലെ പ്രതീക്ഷ കിരണമാകുന്നു.
ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍: ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന മേഖലയായി വെബ് 3.0 കണക്കാക്കപ്പെടുന്നു. എഫ്‌ഐസിസിഐയുടെ 2022 റിപ്പോര്‍ട്ട് കാണിക്കുന്നത്, 2032ഓടെ വെബ് 3.0യ്ക്കും ബ്ലോക്ക്‌ചെയിനിനും ഇന്ത്യയുടെ ജിഡിപിയിലേക്ക് 1.1 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാനാകുമെന്നാണ്. കൂടാതെ, ക്രിപ്‌റ്റോ അസറ്റുകള്‍, മെറ്റാവേര്‍സ്, എന്‍എഫ്ടികള്‍ എന്നിവ ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന പദങ്ങളാണ്. ഈ ഡിജിറ്റല്‍ അസറ്റുകളുടെ സാധ്യതകള്‍ വളരെ വലുതായി തുടരുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലേയ്ക്ക് അവയെ ക്രിയാത്മകമായി കൂട്ടിച്ചേര്‍ക്കുന്നത് ആവേശഭരിതമായിരിക്കും. അതുകൊണ്ടുതന്നെ വലിയ സാധ്യതയാണ് ഈ മേഖല തുറന്നുതരുന്നത്.
ഫിന്‍ടെക്: വളരെ പെട്ടെന്ന് ജീവിതത്തിന്റെ ഭാഗമായ ഒരു മേഖലയാണിത്. ദാശാബ്ദങ്ങള്‍ക്ക് മുന്‍പ് നിരവധി പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായിരുന്ന ഒരു മേഖല ഇന്ന് ഡിജിറ്റല്‍ പേയ്മന്റിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. നവ ഇന്ത്യയുടെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതപ്പെടുകയാണ് ഇവിടെ. ഗ്രാമീണ പലചരക്കുകടകളും തെരുവു കച്ചവടക്കാരും ഇന്ന് ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്വീകരിക്കുന്നു. ഇത് രാജ്യത്തുടനീളം സാമ്പത്തിക സമത്വം സാധ്യമാക്കി. ഇന്ത്യ ഇന്നുവരെ 22 ഫിന്‍ടെക് യൂണികോണുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.
ശാരീരിക മാനസിക സൗഖ്യം: ഇന്ത്യ ലോകത്തിന് പരിചയപ്പെടുത്തിയ യോഗ,ലോകമെമ്പാടും ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തിന്റെ അടിസ്ഥാന ശിലയായി. കഴിഞ്ഞ 75 വര്‍ഷമായി, ആരോഗ്യം അതിന്റെ പരമ്പരാഗത നിര്‍വചനത്തെ മറികടന്നിരിക്കുന്നു. ഇപ്പോള്‍ ആരോഗ്യമെന്നത് ശ്രദ്ധയും കൂട്ടായ ക്ഷേമവും ഉള്‍ക്കൊള്ളുന്നതാണ്. . ഈ മേഖല കുതിച്ചുയരുകയാണ്. ആരോഗ്യ ദാതാക്കള്‍ ഈ മാറ്റത്തോട് പ്രതികരിക്കുകയും മാനസികാരോഗ്യ ഉറവിടങ്ങള്‍ സാധ്യമാക്കുന്ന ആപ്പുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. മാത്രമല്ല, ആയുഷ്, അന്താരാഷ്ട്ര യോഗാ ദിനം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും ഉത്തേജനത്തിന് ആക്കം കൂട്ടി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ശക്തരായ പൗരന്മാരെ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചേക്കും.