
അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും, കയറ്റുമതി രംഗത്തെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വ്യവസായ ലോകവും ഔദ്യോഗിക സംവിധാനങ്ങളും.
പ്രാഥമികമായ വിശകലനത്തില്‍ ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ടെക്സ്റ്റൈല്‍, എഞ്ചിനിയറിംഗ് ഗൂഡ്സ്, ഇലക്ട്രോണിക്സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
26 ശതമാനം തീരുവ ചുമത്തപ്പെട്ടതോടെ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യണമെങ്കില്‍ ചെലവേറും. ഇത് ഇവയുടെ കയറ്റുമതി കുറയുന്നതിലേക്ക് നയിക്കും. ഇനി അധിക തീരുവ അടച്ച് യുഎസിലേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ കയറ്റുമതി സ്ഥാപനങ്ങളുടെ ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാകുയും ചെയ്യും.
ഇന്ത്യക്ക് തിരിച്ചടിയോ?
2021-22 മുതല്‍ 2023-24 വരെ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും ഉഭയകക്ഷി വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസുമായാണ്.
ഏകദേശം 14 ബില്യണ്‍ ഡോളറിന്‍റെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും 9 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും യുഎസ് താരിഫ് ബാധിക്കുന്ന പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്നു.
ഓട്ടോ പാര്‍ട്സുകള്‍ക്കും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കും 26 ശതമാനം താരിഫ് ബാധകമാകില്ലെങ്കിലും, ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് അവയ്ക്ക് ബാധകമാകും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 9 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി ഉള്‍പ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളെയും ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളെയും ഏറ്റവും പുതിയ താരിഫുകള്‍ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ – 1.05 ശതമാനം, രത്നങ്ങള്‍, ആഭരണങ്ങള്‍ – 2.12 ശതമാനം,, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് – 1.06 ശതമാനം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ -0.41 എന്നിങ്ങനെയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎഎസ് നേരത്തെ ഈടാക്കിയിരുന്ന തീരുവ.
ഫാര്‍മയെ ഒഴിവാക്കി
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച താരിഫുകളില്‍ നിന്ന് ഫാര്‍മ, സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയെ ഒഴിവാക്കി. ഇത് ഹ്രസ്വകാലത്തേക്കുള്ള ഇളവ് മാത്രമാണോ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെങ്കിലും നിലവില്‍ ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമാണ്.