
തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്.
14249 യാത്രക്കാരാണ് നവംബർ 25 ന് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. 14249 യാത്രക്കാരിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്.
3.64 ലക്ഷം പേരാണ് നവംബറിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. 3.64 ലക്ഷം യാത്രക്കാരിൽ 2.11 ലക്ഷം ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരുമാണ്.
ഇതാദ്യമാണ് ഒരു മാസത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2 ലക്ഷം കവിയുന്നത്. എല്ലാ യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയർപോർട്ട് നടത്തുന്നുണ്ടെന്നും ടൂറിസം സീസൺ ആരംഭിച്ചതും ക്രിസ്മസ്-പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.