മലയാളിയായ ഏറ്റവും വലിയ തൊഴിൽ ദാതാവ് ആരാണ്? സംശയിക്കേണ്ട അത് ഒലാം ഇന്റർനാഷണൽ ഫൗണ്ടർ സണ്ണി വർഗീസ് ആയിരിക്കും. ഒലാം ഗ്രൂപ്പ് സിഇഒയും, എക്സിക്യൂട്ടിവ് ഡയറക്റ്ററുമാണ് അദ്ദേഹം ഇപ്പോൾ. മലയാളി സ്ഥാപിച്ച ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പനിയും ഇത് തന്നെ ആയിരിക്കണം.
82,000 ൽ അധികം പേർ ഒലാം ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നു. 60 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 20,900 ഉപഭോക്താക്കളും. അതും ബി ടു ബി ഉപഭോക്താക്കളാണ്. ആ പട്ടികയിൽ ലോകോത്തര എംഎൻസികൾ മുതൽ ഫാമിലി ബിസിനസ് ഹൗസുകൾ വരെയുണ്ട്. 26 ലക്ഷം കൃഷിക്കാർ കമ്പനിയുടെ കോൺട്രാക്റ്റ് ഫാമിങിന്റെ ഭാഗമാണ്. അടി വിപുലമായ ബാക് ഏൻഡ് ഇന്റഗ്രേഷൻ ആണ് കമ്പനിക്കുള്ളത്.
ഒലാംന്റെ കോർ ബിസിനസ് കൃഷിയാണ്. കാപ്പിയും, പരുത്തിയും, തേയിലയും, ചണവും, നെല്ലും കൃഷിചെയ്യുന്ന വമ്പൻ ഫാമുകൾ അവർക്കുണ്ട്. ചില വിഭാഗങ്ങളിൽ ആഗോള വ്യാപാരത്തെ അവർ നിയന്ത്രിക്കുന്നു. ഉത്പാദനം, ശേഖരണം, വെയർ ഹൗസിങ്, ട്രേഡിങ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ലോജിസ്റ്റിക്ക്സ്, റിസ്ക് മാനേജ്‌മെന്റ് തുടങ്ങി അഗ്രി കമ്മോഡിറ്റി ബിസിനസിൽ സർവ്വസ്പർശിയാണ് ഒലാം. കമ്പനി തുടങ്ങിയിട്ട് 30 വർഷം കഴിഞ്ഞു.
സിംഗപ്പൂർ സ്റ്റോക്ക് മാർക്കറ്റിലെ മികച്ച പ്രകടനം നടത്തുന്ന ലിസ്റ്റഡ് കമ്പനികളിലൊന്ന്.
ഒലാം ഗ്രൂപ്പിന് കീഴിൽ മൂല്യ വർധിത ഭക്ഷ്യോൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ‘ഒഫി’ ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ ഐപിഒ യ്ക്ക് ഒരുങ്ങുകയാണ്. വിപണി പ്രവേശത്തോടെ ഒഫി സ്വതന്ത്ര കമ്പനിയാകും. നൂതന സാങ്കേതിക വിദ്യകളുടെ പങ്കാളിത്തത്തോടെ ഭക്ഷ്യോത്പന്ന സംസ്കരണ മേഖലയിൽ വലിയൊരു വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ഒഫി.
അഗ്രി- ഫുഡ് സ്റ്റാർട്ടപ്പുകൾക്കും, എസ്എംഇകൾക്കും വളർന്നു വരുന്ന ഈ മേഖലയിലെ ഇതര കമ്പനികൾക്കും, നൂതന ആശയങ്ങൾക്കും പിന്തുണ നൽകുന്ന ബിസിനസ് സപ്പോർട്ട് സർവീസ് കമ്പനിയാണ് മൂന്നാമത്തേത്. അതും ഭാവിയിൽ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. സണ്ണിയുടെയും, കമ്പനിയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ മൂന്നാം ഇടം. തങ്ങളുടെ നേട്ടങ്ങൾ അടുത്ത തലമുറയ്ക്ക് ക്രിയാത്മകമായി പങ്കുവയ്ക്കാനുള്ള ശ്രമം.
ഒലാം ഗ്രൂപ്പ് എണ്ണം പറഞ്ഞ എംഎൻസി ആണ്. ഒരു മലയാളി നേതൃത്വം കൊടുക്കുന്ന ഏറ്റവും വലിയ ആഗോള കമ്പനി ഇത് തന്നെയാകണം.
സണ്ണി വർഗീസ് ഐഐഎം അഹമ്മദ്ബാദ് അലുംനിയാണ്. പത്തനംതിട്ട സ്വദേശി.