
ന്യൂഡല്‍ഹി: ഈ മാസം 19 മുതല്‍ തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും 52 ആഴ്ച ഉയരം കുറിക്കുകയും ചെയ്ത മള്‍ട്ടിബാഗര്‍ ഓഹരിയാണ് ഇമാജിക്കവേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റേത്. ഓഗസ്റ്റ് 19 ന് വാര്‍ഷിക ഫലം പുറത്തുവിട്ട കമ്പനി, രാജേഷ് മാല്‍പാനിയെ ചെയര്‍മാനാക്കി നിയമിക്കുമെന്ന് അറിയിച്ചിരുന്നു. ജെയ് മല്‍പാനി മാനേജിംഗ് ഡയറക്ടറും മനീഷ് മാല്‍പാനി നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമാകും.
പ്രശസ്തമായ മാല്‍പാനി ഗ്രൂപ്പിന്റെ ചെയര്‍മാനാണ് രാജേഷ് മാല്‍പാനി. റിയല്‍ എസ്‌റ്റേറ്റ്, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, റീക്രിയേഷണല്‍ പാര്‍ക്കുകള്‍, ക്ലീന്‍ എനര്‍ജി സേവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആറ് ദശബാദ്ധക്കാലമായി നടത്തുന്ന കോണ്‍ഗ്ലോമെറേറ്റാണ് മാല്‍പാനി ഗ്രൂപ്പ്. ഇതോടെ 1,375 കോടി രൂപ വിപണി മൂലധനമുള്ള ഇമാജികാവേള്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ഓഹരികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ 21 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ഒരു മാസത്തില്‍ 92.04 ശതമാനവും ഒരു വര്‍ഷത്തില്‍ 379 ശതമാനവും ഉയരാന്‍ സ്റ്റോക്കിനായി. 2022 ല്‍ മാത്രം 325.5 ശതമാനത്തിന്റെ കുതിപ്പാണ് ഓഹരിയ്ക്കുണ്ടായത്. നിലവില്‍ ബിഎസ്ഇയില്‍ 38.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വരാനിരിക്കുന്ന ട്രേഡിംഗ് സെഷനുകളില്‍ ഈ ഓഹരി മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചേയ്ക്കുമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ പറയുന്നു. ആഡ്‌ലാബ്‌സ് ഇമാജിക്കാ എന്നും അറിയപ്പെടുന്ന കമ്പനി ആഡ്‌ലാബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ കീഴിലുള്ള സ്ഥാപനമാണ്. തീം പാര്‍ക്ക് നടത്തുന്ന ഇവര്‍ വിനോദം, ഡൈനിംഗ്, ഷോപ്പിംഗ് സേവനങ്ങളിലേര്‍പ്പെടുന്നു. ത്രില്‍ റൈഡുകള്‍, ഫാമിലി റൈഡുകള്‍, , റെഡ് ബോണറ്റ് അമേരിക്കന്‍ ഡിന്നര്‍ മുതലായവ വാഗ്ദാനം ചെയ്യുന്നതാണ് ഇവരുടെ തീം പാര്‍ക്ക്.
2010ല്‍ സ്ഥാപിതമായ കമ്പനി ഖലാപൂര്‍ (മഹാരാഷ്ട്ര) ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റുകള്‍, ചരക്കുകള്‍, ഭക്ഷണം, പാനീയങ്ങള്‍ എന്നീ ബിസിനസുകളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ജൂണിലവസാനിച്ച പാദത്തിലെ വില്‍പന വരുമാനം 88.86 കോടി രൂപയാണ്. മുന്‍വര്‍ഷത്തേ ഇതേ പാദത്തേക്കാള്‍ 4,466.34 ശതമാനം വര്‍ധനവാണിത്. മുന്‍വര്‍ഷത്തെ അറ്റനഷ്ടം 532.27 കോടി രൂപ അറ്റാദായമാക്കാനും കമ്പനിയ്ക്ക് സാധിച്ചു.