
ദില്ലി: ഫോബ്‌സിന്റെ 2022 ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ. ഏഷ്യയിലെ 20 ശക്തരായ ബിസിനസ്സ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം നേടിയത്.
കോവിഡ് -19 മഹാമാരി തുടരുന്ന മൂന്ന് വർഷത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ ബിസിനസ്സുകളെ വളർത്തിയ ശക്തരായ ഇരുപത് സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർപേഴ്സൺ സോമ മൊണ്ടൽ, എംക്യൂർ ഫാർമയുടെ ഇന്ത്യ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ, ഹൊനാസ കൺസ്യൂമറിന്റെ സഹസ്ഥാപകനും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഗസൽ അലഗ് എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയ സ്ത്രീകൾ.
ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് വനിതകൾ.
സോമ മൊണ്ടൽ
ഭുവനേശ്വറിൽ നിന്നുള്ള മൊണ്ടൽ റൂർക്കേലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സോമ മൊണ്ടൽ, നാഷണൽ അലുമിനിയം കമ്പനിയിൽ ആദ്യം ജോലി ചെയ്തു. 2021ൽ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു.
സോമയുടെ നേതൃത്വത്തിൽ, സ്റ്റീൽ നിർമ്മാണ സ്ഥാപനത്തിന്റെ വാർഷിക വരുമാനം 50 ശതമാനം വർധിച്ച് 1.03 ട്രില്യൺ രൂപയായി, മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭം 120 ബില്യണായി ഉയർന്നു.
നമിതാ ഥാപ്പർ
ചാർട്ടേഡ് അക്കൗണ്ടന്റായ നമിത ഥാപ്പർ പൂനെ ആസ്ഥാനമായുള്ള എംക്യൂർ ഫാർമയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്, ഫോബ്‌സ് റിപ്പോർട്ട് പ്രകാരം നമിതാ ആഭ്യന്തര വരുമാനം ഇരട്ടിയാക്കി.
ഒരു സംരംഭക എന്നതിലുപരി നമിതാ “അൺ കണ്ടീഷൻ യുവർസെൽഫ് വിത്ത് നമിതാ ഥാപ്പർ” എന്ന പേരിൽ ഒരു യൂട്യൂബ് ടോക്ക് ഷോ നടത്തുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ ചെയ്യുന്നു. ‘ദ ഡോൾഫിൻ ആൻഡ് ദി ഷാർക്ക്: സ്റ്റോറീസ് എന്ന പുസ്തകവും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗസൽ അലഗ്
2016ൽ ഭർത്താവ് വരുൺ അലഗിനൊപ്പം ചേർന്ന് ഗസൽ അലഗ് കമ്പനി സ്ഥാപിച്ചു. ത്വക്ക് രോഗബാധിതരായവരുടെ കുഞ്ഞുങ്ങളിലേക്ക് കെമിക്കൽ രഹിത ചികത്സ നടപ്പാക്കാൻ അവർ പരിശ്രമിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും വരുമാനം ഇരട്ടിയാക്കി.