ബാംഗ്ലൂർ: സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള നിക്ഷേപകനായ ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ സീരീസ് ബി റൗണ്ടിൽ 22.6 മില്യൺ ഡോളർ സമാഹരിച്ച് സമ്പാദ്യത്തിനുള്ള ഫിൻടെക് ആപ്പായ ജാർ. ഈ ഫണ്ടിംഗ് റൗണ്ടിനെ തുടർന്ന് സ്റ്റാർട്ടപ്പിന്റെ മൂല്യം 300 മില്യൺ ഡോളറായി ഉയർന്നു.
നിലവിലുള്ള നിക്ഷേപകരായ അർക്കാം വെഞ്ചേഴ്‌സ്, എക്‌സിമിയസ് വെഞ്ച്വേഴ്‌സ്, ഫോഴ്‌സ് വെഞ്ചേഴ്‌സ്, ലെറ്റ്‌സ് വെഞ്ച്വർ, റോക്കറ്റ്‌ഷിപ്പ് വെഞ്ച്വർ ക്യാപിറ്റൽ, ഡബ്ല്യുഇഎച്ച് വെഞ്ച്വേഴ്‌സ് എന്നിവയും ഫണ്ടിംഗിൽ പങ്കാളികളായി. അതേസമയം 1 ഫിനാൻസ്, കാപ്പിയർ ഇൻവെസ്റ്റ്‌മെന്റ്‌സ്, ക്ലൗഡ് ക്യാപിറ്റൽ, ഫോലിയസ് വെഞ്ച്വേഴ്‌സ്, പാന്തേര ക്യാപിറ്റൽ, പ്രൊഫെറ്റിക് വെഞ്ച്വേഴ്‌സ് തുടങ്ങിയവ പുതിയ നിക്ഷേപകരായി മൂലധന സമാഹരണ റൗണ്ടിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം നിശ്ചയ് എജിയും മിസ്ബ അഷ്‌റഫും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ജാർ. ഫെബ്രുവരിയിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ 32 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
സമാഹരിച്ച മൂലധനം പുതിയ നിയമനങ്ങൾ നടത്തുന്നതിനും സാങ്കേതിക ശേഖരം ശക്തിപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ഫിൻടെക് കമ്പനി അറിയിച്ചു. ജാർ 2021 ജൂണിൽ സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള സേവിംഗ്സ് ഉൽപ്പന്നം പുറത്തിറക്കിയിരുന്നു. മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, വായ്പകൾ എന്നിവയിലുടനീളം കൂടുതൽ നിക്ഷേപ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.
കമ്പനിയുടെ പ്ലാറ്റ്‌ഫോമിലൂടെ 230,000 പ്രതിദിന ശരാശരി ഇടപാടുകൾ നടക്കുന്നതായും, നിലവിൽ തങ്ങൾക്ക് 10 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ടെന്നും ജാർ അവകാശപെട്ടു.