
മുംബൈ: പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഇൻക്രെഡിബിൾ സ്പിരിറ്റ്‌സിന്റെ 19.50 ശതമാനം ഓഹരികൾ ഒരു കോടി രൂപയ്ക്ക് ഏറ്റെടുത്തതായി മദ്യ നിർമ്മാതാക്കളായ തിലക്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
ഈ ഏറ്റെടുക്കൽ കമ്പനിക്ക് അതിവേഗം വളരുന്ന ആൽക്കഹോൾ റെഡി-ടു-ഡ്രിങ്ക് (ആർടിഡി) വിപണിയിൽ പങ്കാളിയാകാൻ അവസരമൊരുക്കുമെന്ന് തിലക്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ടിഐഎൽ) പ്രസ്താവനയിൽ പറഞ്ഞു.
അരുൺ റെയ്‌നയും പ്രണവ് തെരേദേശായിയും ചേർന്ന് 2020-ൽ സ്ഥാപിച്ച ഇൻക്രെഡിബിൾ സ്പിരിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഐഎസ്‌പിഎൽ) സ്വിഗ്ഗെർ എന്ന ബ്രാൻഡ് നാമത്തിൽ മദ്യം അടങ്ങിയ ആർടിഡി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ആഭ്യന്തര വിഭവങ്ങളിൽ നിന്നാണ് ഇക്വിറ്റി നിക്ഷേപം നടത്തുന്നതെന്ന് തിലക്നഗർ ഇൻഡസ്ട്രീസ് അറിയിച്ചു.
വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ എന്നീ മദ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളാണ് തിലക്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ് (TI). തിങ്കളാഴ്ച കമ്പനിയുടെ ഓഹരി 2.16 ശതമാനത്തിന്റെ നഷ്ടത്തിൽ 92.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.