മുംബൈ: ഇൻക്രെഡബിൾ സ്പിരിറ്റ്സിൽ (ഐഎസ്പിഎൽ) 1 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി തിലക്നഗർ ഇൻഡസ്ട്രീസ്. ഐഎസ്പിഎല്ലിൽ ഒരു കോടി രൂപയിൽ കവിയാത്ത നിക്ഷേപം നടത്തുന്നതിന് കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചതായി തിലക്നഗർ ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഐഎസ്പിഎൽ നിലവിൽ ഒരു റെഡി-ടു-ഡ്രിങ്ക് (RTD) ആൽക്കഹോളിക് പാനീയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഐഎസ്പിഎല്ലിന്റെ ഇക്വിറ്റി ഓഹരികളിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നും. നിക്ഷേപത്തിനു ശേഷം ഐഎസ്പിഎല്ലിന്റെ 19.50 ശതമാനം ഓഹരികൾ കമ്പനി കൈവശം വെയ്ക്കുമെന്നും തിലക്നഗർ ഇൻഡസ്ട്രീസ് അറിയിച്ചു.
വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ എന്നീ മദ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളാണ് തിലക്നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ് (TI). വെള്ളിയാഴ്‌ച കമ്പനിയുടെ ഓഹരികൾ 1.07 ശതമാനം ഉയർന്ന് 94.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.