
മുംബൈ: ലോകത്തെ വമ്പൻ ടെക് കമ്പനികളിലൊന്നായ ആപ്പിളന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ ഈമാസം 18, 20 തീയതികളിൽ ഉദ്ഘാടനം ചെയ്യും. കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് ഇന്ത്യയിലെത്തും.
ഏപ്രിൽ 18ന് മുംബയിലും 20ന് ന്യൂഡൽഹിയിലുമാണ് സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിൽ ഐഫോണുകളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുന്ന സമയത്താണ് കമ്പനി സി.ഇ.ഒ നേരിട്ട് ഇന്ത്യയിലെത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ പുതിയ സ്റ്റോർ ആരംഭിക്കുന്നതോട വില്പനയിൽ വൻ കുതിപ്പാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ബി.കെ.സി. എന്നറിയപ്പെടുന്ന മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ മാളിനുള്ളിലും ഡൽഹി സാകേതിലെ ഹൈ-എൻഡ് മാളിലുമാണ് ആപ്പിൾ ഷോറൂമുകൾ. ആപ്പിളന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ സാധിക്കും.
നിലവിൽ ന്യൂയോർക്ക്, ദുബായ്, ലണ്ടൻ, ടോക്കിയോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.
2020-ലാണ് ആപ്പിൾ ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്. രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ 4 ശതമാനമാണ് ആപ്പിളിന്റെ പങ്കാളിത്തം. 35 ശതമാനം വളർച്ചയാണ് ഈ വർഷം ഇന്തിയിൽ കമ്പനി പ്രതീക്ഷിക്കുന്നത്.
ഉത്പന്നങ്ങളുടെ ഉയർന്ന വിലയാണ് ഇന്ത്യയിൽ വില്പനയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുതിയ നിർമാണ യൂണിറ്റുകളും സ്റ്റോറുകളും ആരംഭിക്കുന്നതോടെ ആപ്പിൾ ഉത്പന്നങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വില്പനയിൽ വർദ്ധനവുണ്ടാക്കും.
മുംബയിലെ പ്രശസ്തമായ കാലി-പീലി ടാക്സി കലയിൽ (മഞ്ഞയും കറുപ്പും കലർന്ന നിറം) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബാന്ദ്ര കുർള കോംപ്ലക്സിലെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ ഒരുങ്ങുന്ന സ്റ്റോറിന്റെ മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്.
ഡൽഹിയിലെ സാകേത് സ്റ്റോർ രാജ്യ തലസ്ഥാനത്തുള്ള ഐക്കണിക് ഗേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്. ഇന്ത്യയിൽ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിനോടനുബന്ധിച്ച് ആപ്പിൾ ‘മുംബയ് റെെസിംഗ്’ എന്ന പേരിൽ പ്രോഗ്രാം നടത്തും.
ഇന്ത്യയിൽ നിന്നുള്ള വാർഷിക ഐഫോൺ കയറ്റുമതി ബില്യൺ കണക്കിന് ഡോളറിലെത്തിയിരിക്കുകയാണ്. യു.എസ്. ചൈന ബന്ധം വഷളായതോടെ ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണം ചൈനയിൽനിന്നും മാറ്റി ഇന്ത്യ കേന്ദ്രീകരിച്ച് നടത്താനാണ് ആപ്പിളിന്റെ പദ്ധതി.
നിലവിൽ ആപ്പിൾ ഉത്പന്നങ്ങൾ അസംബിൾ ചെയ്യുന്ന ഫോക്സ്കോൺ, പെട്രോഗോൺ എന്നീ കമ്പനികളുടെ രണ്ട് യൂണിറ്റുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
ഏഴ് വർഷത്തിന് ശേഷമാണ് ആപ്പിൾ സി.ഇ.ഒ. ഇന്ത്യയിലെത്തുന്നത്. 2016ലാണ് ടിം കുക്ക് അവസാനമായി ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണയും ഇതുപോലെയുള്ള കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്നാണ് സൂചന.
ഉത്പാദന വിപുലീകരണം, കയറ്റുമതി തുടങ്ങിയ പ്രധാനകാര്യങ്ങൾ ചർച്ച ചെയ്തേക്കും.