രാജീവ് ലക്ഷ്മണൻ
ഇന്ത്യയില്‍ പരസ്യ രംഗത്ത് ഘടനാപരമായ മാറ്റം വരുന്നത് 1909ല്‍ ബി ദത്താറാം പഴയ മുബൈയില്‍ ദത്താറാം ആന്‍ഡ് കമ്പനി എന്ന പേരില്‍ പരസ്യ ഏജന്‍സി ആരംഭിക്കുന്നതോടെയാണ്. 1929ല്‍ വിദേശ കമ്പനിയായ ജെ വാള്‍ട്ടര്‍ ആന്‍ഡ് തോംസണ്‍ സ്ഥാപിക്കപ്പെട്ടതോടെ പരസ്യങ്ങള്‍ക്ക് പ്രഫഷണല്‍ സ്വഭാവം കൈവന്നു.. അമ്പതുകളില്‍ സര്‍ഗാത്മകങ്ങളായ പരസ്യസൃഷ്ടികള്‍ക്ക് തുടക്കവുമായി.
ഉപഭോക്താവിനെ പിടിച്ചു നിര്‍ത്തുന്ന തലക്കെട്ടും ആകര്‍ഷകമായ ചിത്രവും ചിന്തിപ്പിക്കുന്ന വിവരണവും ബ്രാന്‍ഡിനെ എന്നും ഓര്‍മ്മിപ്പിക്കാന്‍ കഴിയുന്ന ടാഗ്‌ലൈനും നിറഞ്ഞ പ്രിന്റ് പരസ്യങ്ങള്‍ ആരുടെയും മനസ്സ് കീഴടക്കാന്‍ പോന്നവയായിരുന്നു. പ്രിന്റ് പരസ്യങ്ങള്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത് ഓരോ പരസ്യങ്ങള്‍ക്കും മത്സരിക്കേണ്ടിയിരുന്നത് സമാനമായ പ്രിന്റ് പരസ്യങ്ങളോടു തന്നെയായിരുന്നു. ഇന്ന് പ്രിന്റ് മുഖ്യധാര പരസ്യ മാധ്യമമല്ലാതായി മാറി. റേഡിയോയും ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പരസ്യ മാധ്യമങ്ങളാണ്. ഇന്നു മാധ്യമങ്ങളില്‍ കാണുന്ന ഓട്ടോമൊബീല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, കംപ്യൂട്ടര്‍, ടെലികോം വിഭാഗങ്ങളില്‍പ്പെട്ട പരസ്യങ്ങള്‍ പലപ്പോഴും വില്‍പ്പന കൂട്ടാനുള്ള സെയില്‍സ് പരസ്യങ്ങളായാണ് അവതരിപ്പിക്കുന്നത്. ടെലിവിഷനില്ലാത്ത കാലത്താണ് പ്രിന്റ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അവയുടെ സൃഷ്ടിയും സര്‍ഗാത്മകമായിരുന്നു.
ടെലിവിഷന്‍ പരസ്യങ്ങളുടെ ആരംഭത്തോടെ പ്രിന്റ് പരസ്യങ്ങളിലെ കോപ്പി എഴുത്തിലെ സര്‍ഗാത്മകത കുറഞ്ഞുവന്നു. ടെലിവിഷന്‍ പരസ്യങ്ങളില്‍ ഉല്‍പ്പന്നത്തിന്റെ സവിശേഷതയും മറ്റും വാചകങ്ങളില്‍ അധികം വര്‍ണ്ണിക്കാതെ ചലനചിത്രങ്ങളായി അവതരിപ്പിക്കാമെന്നിരിക്കെ ടെലിവിഷന്‍ പരസ്യങ്ങള്‍ക്കൊപ്പം പ്രിന്റ് പരസ്യങ്ങളും അവതരിപ്പിക്കുന്ന ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് ആദ്യം വിവരണത്തിന്റെ നീളം കുറഞ്ഞുവന്നത്. ഒപ്പം ഉപഭോക്താക്കള്‍ വായനയ്ക്ക് അധിക സമയം നീക്കിവയ്ക്കാത്തതും കാരണമായി. ലോകോത്തരമായി മാത്രമല്ല , മികച്ച പ്രിന്റ് പരസ്യങ്ങള്‍ ഇന്ത്യയിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിരുന്നു അവയുടെ സുവര്‍ണ കാലം. പ്രിന്റിലായാലും ടെലിവിഷനിലായാലും ജനങ്ങളുടെ ഹൃദയം കീഴടക്കിയ പരസ്യങ്ങള്‍ ധാരാളമുണ്ട്. തികച്ചും സാധാരണക്കാരുടെ മനസ്സിലേക്കെത്തിയ പരസ്യങ്ങളില്‍ ചിലതിനെ ഓര്‍മിക്കുകയാണിവിടെ.
എയര്‍ ഇന്ത്യ
വര്‍ഷം: 1946 ഏജന്‍സി: ഹിന്ദുസ്ഥാന്‍ തോംസണ്‍ അസോഷ്യേറ്റ്
എയര്‍ ഇന്ത്യയുടെ കമേഴ്‌സ്യല്‍ ഡയറക്ടറായിരുന്ന ബോബി കൂകയും ഹിന്ദുസ്ഥാന്‍ തോംസണ്‍ അസോഷ്യേറ്റിലെ ചിത്രകാരനായിരുന്ന ഉമേഷ് റാവുവും ചേര്‍ന്ന് സൃഷ്ടിച്ച മഹാരാജയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു എയര്‍ ഇന്ത്യയുടെ പ്രിന്റ് പരസ്യങ്ങള്‍
മര്‍ഫി റേഡിയോ
വര്‍ഷം: 1960 ഏജന്‍സി: നാഷണല്‍ അഡ്‌വര്‍ട്ടൈസിങ്
ഓമനത്തം തുളുമ്പുന്ന പിഞ്ചു കുട്ടിയെ കേന്ദ്രീകൃതമായി അവതരിപ്പിച്ച മര്‍ഫി റേഡിയോയുടെ പ്രിന്റ് പരസ് പരസ്യം എഴുപതുകളിലും എണ്‍പതുകളിലും അച്ചടി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
ലൈഫ്‌ബോയ്
വര്‍ഷം: 1964 ഏജന്‍സി: ലോ ലിന്റാസ്
ലൈഫ്‌ബോയ് എവിടെയുണ്ടോ അവിടെയാണ് ആരോഗ്യം എന്ന പരസ്യ ഗാനത്തില്‍ ആരോഗ്യവും ശുചിത്വവും സൂചിപ്പിച്ച് റേഡിയോയിലും ടെലിവിഷനിലും പരസ്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
അമുല്‍
വര്‍ഷം: 1966 ഏജന്‍സി: അഡ്വര്‍ട്ടെസിങ് സെയില്‍സ് അന്‍ഡ് പ്രമോഷന്‍
ഇന്ത്യയിലെ പരസ്യങ്ങളുടെ ചരിത്രത്തില്‍ വ്യത്യസ്തവും പരീക്ഷണാത്മകവുമായ കാംപയിന്‍. പുള്ളിക്കുത്തുള്ള കുഞ്ഞുടുപ്പിട്ട അമുല്‍ ഗേളിനെ രൂപകല്‍പ്പന ചെയ്തത് പരസ്യ ഏജന്‍സിയിലെ സില്‍വസ്റ്റര്‍ ഡികുഞ്ഞയും യുസ്താസ് ഫെര്‍ണാണ്ടസും. ദൈനംദിന ജീവിതത്തിലെ കാലിക സംഭവങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അമുല്‍ ബട്ടര്‍ ഹോര്‍ഡിങ് പരസ്യങ്ങളായി അവതരിപ്പിക്കപ്പെട്ടു. ഒരു പോലുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കി ദീര്‍ഘകാലമായി തുടരുന്നുവെന്ന വിശേഷണവും അമുല്‍ ഹോര്‍ഡിങ്ങുകള്‍ക്കുണ്ട്.
രസ്‌ന
വര്‍ഷം: 1980 ഏജന്‍സി: മുദ്ര കമ്യൂണിക്കേഷന്‍സ്
ഐ ലവ് യു രസ്‌ന എന്ന പരസ്യ വാചകത്തിലൂടെ ജനകീയമായ സോഫ്റ്റ് ഡ്രിങ്ക്.
കോംപ്ലാന്‍
വര്‍ഷം: 1980 ഏജന്‍സി: ലിയോ ബര്‍ണറ്റ്
ഐ ആം എ കോംപ്ലാന്‍ ബോയ്, ഐ ആം എ കോംപ്ലാന്‍ ഗേള്‍ എന്നു പരസ്യത്തില്‍ പറഞ്ഞത് പില്‍ക്കാലത്ത് ബോളിവുഡ് താരങ്ങളായ ഷാഹിദ് കപുറും ആയിഷ ടാക്കിയയുമാണ്.
നിര്‍മ
വര്‍ഷം: 1980 ഏജന്‍സി: പൂര്‍ണിമ അഡ്വര്‍ട്ടെസിങ്
നൃത്തം ചെയ്യുന്ന കൊച്ചു പെണ്‍കുട്ടിയെ ഭാഗ്യമുദ്രയാക്കി വാഷിംഗ് പൗഡര്‍ നിര്‍മ എന്ന പരസ്യ ഗാനത്തോടെ വിലക്കുറവ് വാഗ്ദാനവുമായി ടെലിവിഷനില്‍ രംഗപ്രവേശം ചെയ്ത ഡിറ്റര്‍ജന്റ് ബ്രാന്‍ഡ്.
ഒനീഡ
വര്‍ഷം: 1982 ഏജന്‍സി: അഡ്വര്‍ട്ടെസിങ് അവന്യൂസ്
അയല്‍ക്കാരന് അസൂയ, ഉടമയ്ക്ക് അഭിമാനം എന്ന പരസ്യ വാചകവുമായി ടെലിവിഷന്‍,പ്രിന്റ് പരസ്യങ്ങളില്‍ ഡെവിളിനെ മോഡലാക്കിയ ടെലിവിഷന്‍ ബ്രാന്‍ഡ്.
സര്‍ഫ്
വര്‍ഷം: 1984 ഏജന്‍സി: ലോ ലിന്റാസ്
പണത്തിനൊത്ത മൂല്യം ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാവണമെന്ന നിഷ്‌കര്‍ഷതയുള്ള വീട്ടമ്മയായി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രമായ ലളിതാജിയെ സ്ത്രീകള്‍ നെഞ്ചിലേറ്റുകയായിരുന്നു. സ്വന്തം കുടുംബത്തോട് ഉത്തരവാദിത്തമുള്ള ഗൃഹനായികയുടെ പ്രതിരൂപമായി അവര്‍ ലളിതാജിയെ കണ്ടു.
ബജാജ്
വര്‍ഷം: 1989 ഏജന്‍സി: ലോ ലിന്റാസ്
ബജാജ് സ്‌കൂട്ടറിനെ കുടുംബ വാഹനമാക്കി മാറ്റിയതില്‍ ഹമാര ബജാജ് പരസ്യങ്ങള്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ വിവിധ ജീവിത മുഹൂര്‍ത്തങ്ങളുടെ ദൃശ്യങ്ങള്‍ അവതരിപ്പിച്ച കാമ്പയിനായിരുന്നു ഇത്. ബജാജിനെ ഒരു ദേശീയ വാഹനമായി ഉയര്‍ത്താന്‍ ഈ കാമ്പയിനു കഴിഞ്ഞു.
ഫെവിക്കോള്‍
വര്‍ഷം: 1998 ഏജന്‍സി: ഒഗ്ല്‍വി & മേത്തര്‍
ഫെവിക്കോള്‍ പശയുടെ ശക്തി ഉപഭോക്താക്കള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി ആളുകള്‍ തിങ്ങി നിറഞ്ഞ് തൂങ്ങിക്കിടന്നും മുകളിരുന്നും യാത്ര ചെയ്യുന്ന ബസ് റോഡിലെ കുഴിയിലും കുണ്ടിലുമൊക്കെ കയറിയിറങ്ങിയിട്ടും ആരും വീഴുന്നില്ലെന്ന് കാണിച്ച പരസ്യവും ഫെവിക്കള്‍ പശ ടിന്നിന്റെ മൂടിയില്‍ നിന്ന് ധാന്യം തിന്ന കോഴി ഇട്ട മുട്ട പൊട്ടുന്നില്ലെന്നു കാണിച്ച പരസ്യവും ഏറെ ആകര്‍ഷമായതായിരുന്നു.
ഹച്ച്
വര്‍ഷം: 2003 ഏജന്‍സി: ഒഗ്ല്‍വി & മേത്തര്‍
മുമ്പില്‍ പോകുന്ന കുട്ടിയുടെയും പിറകെ പോകുന്ന പഗ് ഇനത്തില്‍പ്പെട്ട നായയുടെയും ദൃശ്യവും നിങ്ങള്‍ എവിടെപ്പോയാലും ഞങ്ങളുടെ നെറ്റ്‌വര്‍ക്ക് പിന്തുടരുമെന്ന് പറഞ്ഞ പരസ്യ വാചകവും ഹച്ചിന് മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിപുലമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു.