മുംബൈ: 2022 സെപ്തംബർ പാദത്തിലെ അറ്റാദായം 34 ശതമാനം വർധിച്ച് 857 കോടി രൂപയായതായി ടൈറ്റൻ അറിയിച്ചു. വിശകലന വിദഗ്‌ദ്ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.
സമാനമായി കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം വർഷം 22% വർധിച്ച് 8,730 കോടി രൂപയായി. അതിൽ പ്രസ്തുത പാദത്തിൽ ടൈറ്റന്റെ ജ്വല്ലറി ബിസിനസ്സ് വരുമാനം 18 ശതമാനം വളർച്ച നേടി 7,203 കോടി രൂപയായപ്പോൾ വാച്ചുകളുടെയും വെയറബിളുകളുടെയും ബിസിനസ് വരുമാനം 21 ശതമാനം വർധിച്ച് 829 കോടി രൂപയായി. കൂടാതെ നേത്ര പരിചരണ ബിസിനസ്സ് വരുമാനം 167 കോടി രൂപയായി ഉയർന്നു.
സെപ്തംബർ പാദത്തിൽ ടൈറ്റൻ 105 സ്റ്റോറുകൾ കൂട്ടിച്ചേർത്തു. നിലവിൽ കമ്പനിയുടെ റീട്ടെയിൽ ശൃംഖലയ്ക്ക് 382 നഗരങ്ങളിലായി 2,408 സ്റ്റോറുകൾ ഉണ്ട്. കമ്പനിയുടെ വലിയ ബിസിനസ് വിഭാഗങ്ങൾ 17-19% റീട്ടെയിൽ വളർച്ചയാണ് നേടിയതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമായും ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ്.