കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. മുടങ്ങിയ സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നതിന് ഉൾപ്പെടെയാണിത്. അടുത്തയാഴ്ച പണം ലഭിക്കും.

സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാർക്കാട് റൂറൽ ബാങ്ക് മാനേജരായ ഈ കൺസോർഷ്യത്തിൽ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകൾ അംഗങ്ങളാണ്.

സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സർക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയിൽ കുറവുചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കൽ നിർത്തിവെച്ചിരുന്നു.

പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയിൽനിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവർഷത്തേക്കാണ് വായ്പ. സർക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നൽകുമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ സാമ്പത്തികവർഷം മാർച്ചിൽ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതൽ മാർച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ.

കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ പൊതു വായ്പപ്പരിധിയിൽ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. അതിനാൽ, ദൈനംദിന ചെലവുകൾക്ക് വലിയ ഞെരുക്കത്തിലാണ് സർക്കാർ.

ഊർജമേഖലയിൽ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 4060 കോടി രൂപ സർക്കാരിന് ഈവർഷം അധികമായി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച രേഖകൾ ഇനിയും കെ.എസ്.ഇ.ബി. അന്തിമമാക്കിയിട്ടില്ലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

കേന്ദ്രം നിർദേശിച്ച രീതിയിൽ സ്വകാര്യമേഖലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ കെ.എസ്.ഇ.ബി.യിലെ സംഘടനകൾ എതിർത്തിരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് സ്ഥാപിക്കുന്നതിനുള്ള സി.ഐ.ടി.യു., സി.പി.എം. സംഘടനകളുടെ ബദൽ നിർദേശങ്ങൾ സർക്കാരിന്റെ വായ്പപ്പരിധിയെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. 28-നകം റിപ്പോർട്ട് നൽകും.

ഡിസംബറിലെ പെൻഷൻ നൽകും

വായ്പയിൽനിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെൻഷനും സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി ബോർഡ് പെൻഷനും നൽകും. 59 ലക്ഷംപേർക്ക് 1600 രൂപാ വീതം നൽകണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെൻഷനും മുടങ്ങിയിട്ടുണ്ട്.

X
Top