
കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളില്‍ ഒന്നാണ് ആയുഷ്മാന്‍ ഭാരത്. മോഡികെയര്‍ എന്ന പേരിലാണ് ഈ പദ്ധതി പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി ഒരു ദേശീയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം ആണ്.
രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയാണ് പദ്ധതി ലക്ഷ്യം. നിലവില്‍ 70 വയസിനു മുകളില്‍ പ്രായയുള്ളവര്‍ക്കാണ് പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് പദ്ധതിക്കു ലഭിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. വ്യക്തികളുടെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, ആയുഷ്മാന്‍ വയ വന്ദന കാര്‍ഡിനുള്ള യോഗ്യതാ പ്രായം 70 വയസില്‍ നിന്ന് 60 ആക്കി കുറയ്ക്കാനാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.
രാജ്യത്തെ ഉയര്‍ന്നു വരുന്ന ആരോഗ്യ സംരക്ഷണ ചെലവുകള്‍ കണക്കിലെടുത്ത് പദ്ധതിയുടെ കവറേജ് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ആരോഗ്യ- കുടുംബക്ഷേമത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബുധനാഴ്ച രാജ്യസഭയില്‍ സമര്‍പ്പിച്ച 163-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
നിലവിലെ ആരോഗ്യ പരിരക്ഷ 5 ലക്ഷം രൂപയില്‍ നിന്ന് ഒരു കുടുംബത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കപ്പെടുന്നു.
2024 ഒക്‌ടോബര്‍ 29 പ്രകാരം 70 വയസും അതില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ, പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതിനായി ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനുകൂല്യം സര്‍ക്കാര്‍ നീട്ടിയിരുന്നു.
അതേസമയം നിരവധി നൂതന പരിശോധനകളും, ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. കമ്മിറ്റിയും ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ഉയര്‍ന്ന ചെലവുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ പാക്കേജുകളും, നടപടിക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സിടി, എംആര്‍ഐ, ന്യൂക്ലിയര്‍ ഇമേജിംഗ് പോലുള്ള റേഡിയോളജിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സ് ടെസ്റ്റുകള്‍ നിലവില്‍ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്നില്ല.
കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ട് ഈ വശങ്ങളും ഉള്‍ക്കൊള്ളുന്നു. ഈ സാഹചര്യത്തിലാണ് പരിരക്ഷ 10 ലക്ഷം ആയി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജുകളുടെയും, നടപടിക്രമങ്ങളുടെയും അവലോകനം നടത്താനും കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പൊതു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഒന്നാകും.
ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് കൈവശമുള്ള 70 വയസോ, അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ ചികിത്സയ്ക്കായി 1,443 കോടി രൂപയാണ് ധനനന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്.
കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ കൂടുതല്‍ തുക പദ്ധതിക്കായി വകയിരുത്തേണ്ടി വരും.