
തിരുവനന്തപുരം: കിഫ്ബിയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നും എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി.
സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണൻ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരളത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്കു ദോഷം ചെയ്യാത്ത നിലയില്‍ വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബ്രൂവറിക്ക് അനുകൂല നിലപാട് എടുത്തതിനു പിന്നാലെയാണ് സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് ടോളിനും പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ മുന്‍ നിലപാടുകളില്‍നിന്നു വ്യതിചലിച്ച് ടോള്‍ പിരിക്കുന്നതു ജനരോഷത്തിന് ഇടയാക്കുമെന്നാണ് സിപിഐ പറയുന്നത്. അതേസമയം, കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണെന്നും വരുമാനം കണ്ടെത്തിയില്ലെങ്കില്‍ കിഫ്ബിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും സിപിഎം ഇടതുമുന്നണി യോഗത്തില്‍ വ്യക്തമാക്കി.
പാലക്കാട് എലപ്പുള്ളിലില്‍ മദ്യനിര്‍മാണശാല അനുവദിക്കുമ്പോള്‍ ജലത്തിന്റെ വിനയോഗത്തില്‍ കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കാന്‍ പാടില്ലെന്നും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 17ന് 11 മണിക്ക് രാജ്ഭവന്റെ മുന്നിലേക്കും അസംബ്ലി മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
രാജ്ഭവനു മുന്നില്‍ 25,000 പേരെയും മണ്ഡലങ്ങളില്‍ 5,000 പേരെയും അണിനിരത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിക്കുന്ന തരത്തില്‍ മുന്നണി സംവിധാനം ശക്തമാക്കണമെന്നും എല്‍ഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.